നിക്ഷേപത്തട്ടിപ്പ്: മൂലമറ്റത്തെ ക്രിസ്റ്റൽ ഗ്രൂപ്പ് പോലീസ് സീൽചെയ്തു


മൂലമറ്റം : നിക്ഷേപകരിൽനിന്ന് കോടികൾ തട്ടിച്ച് മുങ്ങിയെന്ന പരാതിയിൽ മൂലമറ്റത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനമായ ക്രിസ്റ്റൽ ഗ്രൂപ്പ് അന്വേഷത്തിന്റെ ഭാഗമായി പോലീസ് സീൽചെയ്തു.
ക്രിസ്റ്റൽ ഗ്രൂപ്പിെനതിരേ കഴിഞ്ഞമാസം 28-നാണ് മൂലമറ്റം സ്വദേശികളായ നിഷേപകർ കാഞ്ഞാർ സ്റ്റേഷനിൽ പരാതി നൽകിയത്. പിന്നീട് മറ്റുനാല് പോലീസ് സ്റ്റേഷനിലും പരാതി എത്തി. ഇതിനിടെ ക്രിസ്റ്റൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ അഭിജിത് എസ്.നായർ കുടുംബസമേതം ഒളിവിൽ പോയി. ഇയാളെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. മൂലമറ്റം കൂടാതെ ഈരാറ്റുപേട്ട, കോലഞ്ചേരി, പെരുമ്പാവൂർ, വണ്ണപ്പുറം, കോടിക്കുളം എന്നിവിടങ്ങളിലും സാമ്പത്തിക ഇടപാടുകൾ നടത്തി ആളുകളിൽനിന്ന് പണം തട്ടിച്ചതായി പരാതിയുണ്ട്. മൂലമറ്റത്ത് വലിയപറമ്പിൽ ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന ക്രിസ്റ്റൽ ഗ്രൂപ്പിന്റെ ഓഫീസാണ് തിങ്കളാഴ്ച പോലീസ് സീൽചെയ്തത്. പോലീസന്വേഷണം മന്ദഗതിയിലാണെന്ന് നിക്ഷേപകർക്ക് പരാതിയുണ്ട്. എസ്.എച്ച്.ഒ. സോൾജിമോൻ, എസ്.ഐ. ജിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘമാണ് ഓഫീസ് സീൽചെയ്തത്.