തമിഴ്‌നാട്ടിൽനിന്നു വ്യാജ ആർ.ടി.പി.സി.ആർ.കോവിഡ് നെഗറ്റീവ് വ്യാജ സർട്ടിഫിക്കറ്റ്

കമ്പംമെട്ട് : തമിഴ്‌നാട്ടിൽനിന്നു വ്യാജ ആർ.ടി.പി.സി.ആർ.കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കമ്പംമെട്ട് ചെക്ക്‌പോസ്റ്റു വഴി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ചവരെ പിടികൂടിയതിനെത്തുടർന്ന് അതിർത്തിയിൽ പരിശോധന കടുപ്പിച്ച് പോലീസ്. കമ്പംമെട്ട് ചെക്ക്‌പോസ്റ്റിന്റെ ചുമതല ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം മുല്ലപ്പെരിയാർ ഡിവൈ.എസ്.പി.ക്ക് കൈമാറി.
കഴിഞ്ഞ കുറച്ചുനാളുകളായി വ്യാജ സർട്ടിഫിക്കറ്റുകളുമായി നിരവധിപേർ അതിർത്തി കടന്നതായാണ് സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. ഇത്തരത്തിലുള്ളവരെ അതിർത്തി കടത്തിവിടുന്നതിന് ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടായിരുന്നതായും ആക്ഷേപമുണ്ട്. ഇതിനെത്തുടർന്നാണ് ജില്ലയിലെ അതിർത്തി ചെക്ക്‌പോസ്റ്റിൽ പഴുതതടച്ച പരിശോധന നടത്താൻ ജില്ലാ പോലീസ് തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായാണ് കട്ടപ്പന ഡിവൈ.എസ്.പി.യുടെ പരിധിയിലായിരുന്ന കമ്പംമെട്ട്,കുമളി ചെക്കുപോസ്റ്റുകളുടെ ചുമതല മുല്ലപ്പെരിയാർ ഡിവൈ.എസ്.പി.ക്ക് കൈമാറിയത്. ഞായറാഴ്ച മുല്ലപ്പെരിയാർ ഡിവൈ.എസ്.പി.കമ്പംമെട്ട് ചെക്ക്‌പോസ്റ്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ചെക്ക്‌പോസ്റ്റിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിലും മാറ്റം വരുത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് വ്യാജ ആർ.ടി.പി.സി.ആർ.കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയ രണ്ട് തമിഴ്‌നാട് സ്വദേശികളെ കമ്പംമെട്ട് പോലീസ് പിടികൂടിയത്. തുടർന്ന് തമിഴ്‌നാട് പോലീസിന്റെ സഹകരണത്തോടെ നടത്തിയ തിരച്ചിലിൽ കമ്പം, തേവാരം എന്നിവിടങ്ങലിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച നൽകുന്നവരെ പിടികൂടിയിരുന്നു.
വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ചെക്ക്‌പോസ്റ്റു വഴി ആളുകൾ കടക്കുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ ആപ്പ് ഉപയോഗിച്ച് ഓരോ പാസും പരിശോധന നടത്തിയതോടെയാണ് വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയവരെ പിടികൂടാനായത്.