മുല്ലപ്പെരിയാർ തുറക്കുമോ? മിണ്ടാതെ തമിഴ്നാട്; തീരദേശവാസികളുടെ ആശങ്ക വർധിക്കുന്നു


കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുദിനം ഉയരുമ്പോൾ പെരിയാർ തീരദേശവാസികളുടെ ആശങ്കയും വർധിക്കുന്നു. സുപ്രീം കോടതി വിധിയെ തുടർന്ന് ജലനിരപ്പ് 2014ൽ 136ൽ നിന്ന് 142 അടിയാക്കി ഉയർത്തിയതോടെ അണക്കെട്ട് ഉയർത്തുന്ന ഭീഷണിയും വർധിച്ചു.
ഷട്ടറുകൾ തുറക്കുന്നത് എപ്പോൾ
അണക്കെട്ടിലെ ജലനിരപ്പ് 136 പിന്നിട്ടാൽ തമിഴ്നാട് എപ്പോൾ ഷട്ടറുകൾ തുറക്കും എന്നത് സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. 2018ലെ സംഭവത്തിനു ശേഷം ഷട്ടർ ഓപ്പറേറ്റിങ് മാനുവൽ വേണമെന്ന് കേരളം പല തവണ ആവശ്യപ്പെട്ടെങ്കിലും ഇനിയും ഇത് ലഭ്യമായിട്ടില്ല. അതിനാൽ ജലനിരപ്പ് ഉയരുമ്പോൾ എപ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് കേരളത്തിന് അറിയാനാവില്ല.
ജലനിരപ്പ് 136ൽ എത്തുമ്പോൾ തമിഴ്നാട് ഇടുക്കി ജില്ലാഭരണകൂടത്തിന് ആദ്യ അറിയിപ്പും 138ൽ രണ്ടാം അറിയിപ്പും നൽകും. ജലനിരപ്പ് 140ൽ എത്തുമ്പോൾ ആദ്യ ജാഗ്രതാ നിർദേശവും 141ൽ രണ്ടാം ജാഗ്രതാ നിർദേശവും നൽകും. അനുവദനീയ സംഭരണശേഷിയായ 142ൽ ജലനിരപ്പ് ക്രമീകരിച്ചു നിർത്തുന്ന വിധത്തിൽ എത്ര വെള്ളം വേണമെങ്കിലും തമിഴ്നാട് ഇതിനിടെ തുറന്നുവിടാം. ഇതാണ് കേരളത്തെ ഭയാശങ്കയിലാക്കുന്നത്.
136 മുതൽ കൃത്യമായി നീരൊഴുക്കിന് ആനുപാതികമായി വെള്ളം സ്പിൽവേയിലെ ഷട്ടറുകൾ വഴി തുറന്നുവിടുകയാണെങ്കിൽ ജനങ്ങൾക്ക് ജാഗ്രത പാലിക്കാനും അപകടങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും കഴിയും. എന്നാൽ ഇത്തരമൊരു സമീപനത്തിന് തമിഴ്നാട് ഒരുക്കമല്ല. ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142ൽ ദിവസങ്ങളോളം നിർത്തിയ ശേഷം സുപ്രീം കോടതിയെ സമീപിച്ച് അണക്കെട്ട് ബലവത്താണെന്ന് സ്ഥാപിച്ച് പരമാവധി സംഭരണശേഷിയായ 152ലേക്ക് ജലനിരപ്പ് ഉയർത്താൻ അനുമതി സമ്പാദിക്കുകയുമാണ് തമിഴ്നാടിന്റെ ലക്ഷ്യം.
എന്തായി മുല്ലപ്പെരിയാറിലെ പുതിയ ഡാം?
കുമളി∙ കേരളം – മുല്ലപ്പെരിയാർ വിഷയത്തിൽ തങ്ങളുടെ വാദങ്ങളെല്ലാം എന്ത് വില കൊടുത്തും തമിഴ്നാട് നേടിയെടുക്കുമ്പോൾ ഇവിടെ ഒരു പുതിയ അണക്കെട്ട് എന്ന കാര്യത്തിൽ പോലും കേരളത്തിന് ലക്ഷ്യം കാണാൻ കഴിയുന്നില്ല. ഒരു പറ്റം ഉദ്യോഗസ്ഥർ ഊണും ഉറക്കവും ഉപേക്ഷിച്ച് മാസങ്ങൾ നടത്തിയ പരിശ്രമത്തിന്റെ ഫലമായി കേരളം പുതിയ അണക്കെട്ടിന്റെ വിശദമായ പദ്ധതി രേഖ തയാറാക്കിയെങ്കിലും അത് ഫയലിൽ ഉറങ്ങുന്നു.
അണക്കെട്ട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പാറയുടെ ഉറപ്പ് പരിശോധിക്കാൻ 30 ബോർഹോളുകൾ നിർമിച്ച് സാമ്പിളുകൾ ശേഖരിച്ചു. പുതിയ അണക്കെട്ട് വരുമ്പോൾ വെള്ളത്തിലാകുന്ന 50 ഹെക്ടർ സ്ഥലത്തിന്റെ സർവേ പൂർത്തീകരിച്ചു. തുടർന്ന് പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള ശ്രമം ആരംഭിച്ചു. ആന്ധ്രയിലുള്ള പ്രഗതി കൺസൽറ്റൻസിയെ ഇതിനായി നിയമിച്ചു.
ഈ സമയത്താണ് ഈ പഠനം നടത്താനുള്ള അനുമതി കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം നിഷേധിച്ചത്. അതോടെ തുടർ പ്രവർത്തനങ്ങളെല്ലാം അവതാളത്തിലായി. തുടർന്നു നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ പഠനം നടത്താൻ അനുമതി ലഭിച്ചതോടെ 2019ൽ പത്തംഗ സംഘമെത്തി പ്രാഥമിക സന്ദർശനം നടത്തി മടങ്ങിയെങ്കിലും ഇക്കാര്യത്തിലും കാര്യമായ തുടർ നടപടികളുണ്ടായില്ല.
ജലനിരപ്പ് 142ൽ എത്തിയത് 3 തവണ
അനുവദനീയ സംഭരണശേഷി 142 അടിയാക്കി ഉയർത്താൻ അനുമതി നൽകിയ 2014ന് ശേഷം 3 തവണയാണ് ജലനിരപ്പ് 142ൽ എത്തിയത്. 2014 നവംബർ 21ന് 35 വർഷത്തെ ഇടവേളയ്ക്കു ശേഷം ജലനിരപ്പ് 142ൽ എത്തിയ നിമിഷം തമിഴ്നാട് ആഘോഷമാക്കി മാറ്റി. 2015 ഡിസംബർ 7നും ജലനിരപ്പ് 142 അടി രേഖപ്പെടുത്തി. 2018 ഓഗസ്റ്റ് 15ന് 142 അടി പിന്നിട്ടു.
സ്പിൽവേയിലെ എല്ലാ ഷട്ടറുകളും തുറന്ന് ജലനിരപ്പ് നിയന്ത്രിക്കാൻ തമിഴ്നാട് നടത്തിയ ശ്രമം പെരിയാറിന്റെ തീരദേശവാസികൾക്ക് കനത്ത പ്രഹരമാണ് സമ്മാനിച്ചത്. 2019ലും 2020ലും ജലനിരപ്പ് 136ലും താഴ്ന്നു നിന്നു. എന്നാൽ ഇത്തവണ ജൂലൈ 25ന് ജലനിരപ്പ് 136 പിന്നിട്ടത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ബലമുണ്ടെന്ന് തമിഴ്നാട്
തമിഴ്നാട് – 1977ൽ മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമെന്ന് ബോധ്യമായതോടെ കേന്ദ്ര ജലകമ്മിഷൻ നിർദേശിച്ച ബലപ്പെടുത്തലിന്റെ ഭാഗമായി നിർമിച്ച സപ്പോർട്ട് ഡാം പുതിയ അണക്കെട്ടിന്റെ പ്രയോജനം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് തമിഴ്നാട്. കേബിൾ ആങ്കറിങ് നടത്തിയതും അണക്കെട്ടിനെ ബലപ്പെടുത്തിയെന്നാണ് വിലയിരുത്തൽ.
സാങ്കേതികമായി ഇത് ശരിയാകുമെങ്കിലും സീപ്പേജ് വെള്ളത്തിനൊപ്പം വലിയ തോതിൽ സുർക്കി മിശ്രിതം ഒലിച്ചിറങ്ങുന്നത് അണക്കെട്ടിന്റെ ബലം നശിച്ചുകൊണ്ടിരിക്കുന്നതിന് തെളിവായി ചൂണ്ടിക്കാണിക്കാം. ബലപരിശോധനയ്ക്കായി നിർമിച്ച ബോർഹോളുകൾ അടയ്ക്കാൻ 2014ൽ 1000 ചാക്ക് സിമന്റ് ഗ്രൗട്ടിങ് വേണ്ടി വന്നതും ഉൾഭാഗത്തെ സുർക്കി ഒലിച്ചുപോയതിന്റെ തെളിവാണ്.