ഭൂമിയിൽ നിന്നു കല്ലുകൾ ഉയർന്നു വീടുകൾക്കു മുകളിൽ; കാരണം തേടി ജിയോളജിസ്റ്റുകൾ ഉപ്പുതറയിൽ


ഉപ്പുതറ∙ വീടുകൾക്കു മുകളിൽ കല്ലുകൾ വീഴുന്നതിനെ തുടർന്നു കുടുംബാംഗങ്ങൾ താമസം മാറ്റിയ സ്ഥലത്തു ജിയോളജി വകുപ്പ് ജില്ലാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പാറക്കെട്ടു നിറഞ്ഞ മേഖലയായതിനാൽ ജലത്തിന്റെ സമ്മർദത്താൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്നു കല്ലുകൾ തെറിച്ചു വീണതാകാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിരീക്ഷണമെങ്കിലും വീടിന്റെ ഉയരത്തിൽ കല്ലുകൾ പതിക്കാനുള്ള സാധ്യത ഇവർ തള്ളിക്കളഞ്ഞു. വിശദമായ പഠനം നടത്തിയെങ്കിൽ മാത്രമേ കാരണം വ്യക്തമാവുകയുള്ളെന്ന് അധികൃതർ വ്യക്തമാക്കി.
പുളിങ്കട്ട പാറവിളയിൽ സുരേഷ്, പാറവിളയിൽ സെൽവരാജ് എന്നിവരുടെ വീടുകൾക്കു മുകളിലാണു കഴിഞ്ഞ രണ്ടാം തീയതി മുതൽ കല്ലുകൾ വീഴുന്നെന്ന പരാതി ഉയർന്നത്. ഭൂമിയിൽ നിന്നു കല്ലുകൾ ഉയർന്നു വീടുകൾക്കു മുകളിൽ പതിക്കുന്നത് കണ്ടതായും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ശല്യം രൂക്ഷമായതോടെ ഇരു കുടുംബവും താമസം മാറ്റിയിരുന്നു.
ജിയോളജിസ്റ്റ് വി.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. സെൽവരാജിന്റെ വീടിന്റെ കൽക്കെട്ട് താഴ്ന്നതാണ് ഇവിടെ ഭൂമിക്കു വിള്ളൽ രൂപപ്പെടാൻ കാരണമെന്ന് അവർ പറഞ്ഞു. മഴസമയം ഇവിടെ താമസിക്കുന്നത് സുരക്ഷിതമല്ല. അസി. ജിയോളജിസ്റ്റുമാരായ പി.എ.അജീബ്, ശബരിലാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.