ഏലമല കാടുകൾ വനമായി പ്രഖ്യാപിച്ചു കിട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജിയിൽ ഈ പ്രദേശത്ത് മുഴുവൻ പട്ടയം നൽകുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കഞ്ഞിക്കുഴിയിൽ നടന്ന ആലോചനയോഗം.
സാമൂഹ്യസംഘടനാ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.ഹൈറേഞ്ചിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ പോലും സുപ്രീംകോടതിവിധി ഉണ്ടാക്കിയ ആശങ്കയും അതിൽനിന്ന് അതിജീവിക്കുവാനുള്ള താൽപര്യവും അതിശക്തമാണെന്ന് ആലോചന യോഗം തെളിയിച്ചു.
മുഴുവൻ താമസക്കാരെയും കർഷകരെയും വ്യാപാരികളെയും കോടതിവിധിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷിക്കുവാനുള്ള പ്രവർത്തന ങ്ങൾക്ക് യോഗം രൂപം നൽകി.
1996 ഡിസംബർ 12ന് മുൻപ് വീടോ കടയോ കന്നുകാലി വളർത്തലോ അടക്കം വനേതര പ്രവർത്തനങ്ങൾ നടത്തിയതിൻ്റെ രേഖകൾ ഹാജരാക്കി അപേക്ഷ നൽകിയാൽ പ്രഖ്യാപിത വനത്തിനുള്ളിൽ ആണെങ്കിൽ പോലും ആ ഭൂമി വന നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുവാൻ 2023ല്‍ പാസാക്കിയ വനസംരക്ഷണ നിയമത്തിന്റെ ഭേദഗതി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ആ ആനുകൂല്യം കഞ്ഞിക്കുഴി പഞ്ചായത്തിലെ മുഴുവൻ കർഷകർക്കും വ്യാപാരികൾക്കും താമസക്കാർക്കും ലഭ്യമാക്കുന്നതിന് വേണ്ട അപേക്ഷകൾ സമർപ്പിക്കുവാൻ തീരുമാനിച്ചു.മുഴുവൻ വാർഡുകളിലും ഈ പ്രവർത്തനം സംഘടിപ്പിക്കുവാൻ ആലോചന യോഗത്തിൽ എത്തിച്ചേർന്ന മുഴുവൻ ആളുകളെയും യോഗം ചുമതലപ്പെടുത്തി.
അഡ്വ ടി കെ തുളസി അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിബിരാജൻ വിഷയാവതരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജേശ്വരി ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ആൽബർട്ട് തുടങ്ങി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹ്യ സംഘടന നേതാക്കളും ആദിവാസി ഊരുമൂപ്പന്മാരും സംഘടന നേതാക്കളും യോഗത്തിൽ സംബന്ധിച്ചു.