ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി; കോൺഗ്രസുകാരും പണ്ട് കുഴൽപ്പണം കൊണ്ടുവന്നിട്ടുണ്ട്: പത്മജ


ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി പറമ്പിലെന്ന് ബിജെപി നേതാവ് പത്മജാ വേണുഗോപാൽ. വർഗീയത കളിക്കുന്നയാളാണ് ഷാഫി. ഷാഫി ഒരേസമയം ഉമ്മൻചാണ്ടിയുടെയും എതിർപക്ഷത്തിന്റെയും ആളായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഒതുക്കാൻ ബിജെപിയിൽ ആരും ശ്രമിക്കുന്നില്ല. കൊടകര കുഴൽപ്പണക്കേസിൽ കാര്യമില്ല. കോൺഗ്രസുകാരും പണ്ട് പണം കൊണ്ടുവന്നിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ കൊടകര കുഴൽപ്പണക്കേസ് ബാധിക്കില്ലെന്നും പത്മജാ വേണുഗോപാൽ കൂട്ടിച്ചേർത്തു. കെ മുരളീധരൻ കോൺഗ്രസിൽ നിരാശനാണെന്നും അവർ പറഞ്ഞു.
‘വടകരയിൽ നിർത്തിയിരുന്നെങ്കിൽ അദ്ദേഹം ജയിക്കുമായിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിനെ വിളിച്ചു പറഞ്ഞതാണ് ചേട്ടൻ തൃശ്ശൂരിലേക്ക് വരരുതെന്ന്. ഇപ്പോ യുഡിഎഫ് വരും ഇപ്പോ മന്ത്രിയാകും എന്നുകരുതി ഇരിക്കുന്ന ആളാണ് ഷാഫി. വർഗീയത നന്നായി കളിക്കുന്ന ആളായതുകൊണ്ടുതന്നെ ഷാഫി വടകരയിൽ ജയിക്കുമെന്ന് ഉറപ്പായിരുന്നു’, അവർ കൂട്ടിച്ചേർത്തു.
ഇപ്പോ തനിക്ക് ടെൻഷനില്ല. താനിപ്പോൾ ചിരിച്ച മനസോടെയാണ് കോൺഗ്രസിലെ അടി കാണുന്നത്. എത്ര ഗ്രൂപ്പാണ് കോൺഗ്രസിലുള്ളത്. ഉറങ്ങിയെഴുന്നേൽക്കുമ്പോഴാണ് ഗ്രൂപ്പ് മാറുന്നത്. കെ മുരളീധരൻ പാലക്കാട് നിന്ന് മത്സരിച്ചിരുന്നെങ്കിൽ അദ്ദേഹമിപ്പോൾ മുഖ്യമന്ത്രി കാൻഡിഡേറ്റാണ്. അതുണ്ടാവാതിരിക്കാനാണ് അദ്ദേഹത്തെ വെട്ടിയത്. അപ്പോൾ ഒരാൾ കുറഞ്ഞുകിട്ടി. സുധാകരന് പ്രായമാണ് ബോധമില്ല എന്നു പറഞ്ഞ് അദ്ദേഹത്തെയും മാറ്റിയില്ലേയെന്നും പത്മജ ചോദിച്ചു.