കുളമാവ് ഡാമില്‍ യുവാക്കളെ കാണാതായ സ്ഥലം മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു
ഇടുക്കി: കുളമാവ് ഡാമില്‍ മത്സ്യബന്ധനത്തിനിടെ സഹോദരന്‍മാരെ കാണാതായ സ്ഥലം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പാണ് മന്ത്രി അപകടമുണ്ടായ വേങ്ങാനം ചക്കിമാലി സന്ദര്‍ശിച്ച് തിരച്ചില്‍ നടപടികള്‍ വിലയിരുത്തിയത്. പൈനാവ് വെള്ളപ്പാറയില്‍ നിന്ന് സംഘം ബോട്ടിലാണ് സംഭവ സ്ഥലത്തേക്ക് തിരിച്ചത്. നാലു ദിവസം മുന്‍പാണ് യുവാക്കളെ കാണാതായത്.
ഇടുക്കി എറണാകുളം ജില്ലയില്‍ നിന്നുള്ള ഫയര്‍ അന്‍ഡ് റസ്‌ക്യൂ സര്‍വ്വീസസിന്റെ രണ്ട് സ്‌കൂബാ ടീമും എന്‍ഡിആര്‍ഫ് സംഘവും ആണ് തിരച്ചില്‍ നടത്തുന്നത്. കെഎസ്ഇബിയുടെ ബോട്ടില്‍ 40 മിനിറ്റ് ഡാമിലൂടെ സഞ്ചാരിച്ചാണ് വേങ്ങാനം എത്തിയത്. ജില്ലാ ഭരണകൂടം നിരന്തര ശ്രദ്ധയാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിവരുന്നത്. പ്രതികൂലമായ കാലാവസ്ഥയും വെള്ളത്തിന്റെ കഠിന തണുപ്പും അവഗണിച്ചുള്ള തിരച്ചില്‍ നടപടികളാണ് നടന്നുവരുന്നത്.
കുടുംബത്തിന്റെ ആശ്രയമായ ബിജു, ബിനു എന്നിവരെ കാണാതായതോടെ കുടുംബത്തിന്റെ ആശങ്ക തിരച്ചില്‍ ടീമിനോട് ഒപ്പമുള്ള നാട്ടുകാര്‍ മന്ത്രിയോട് പങ്കുവെച്ചു. കാണാതായി രണ്ടാം ദിവസം തന്നെ യുവാക്കള്‍ അവര്‍ സഞ്ചരിച്ചിരുന്ന വള്ളവും മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു.