ഗുജറാത്തിൽ വ്യാജ കോടതി പ്രവർത്തിച്ചത് അഞ്ച് വർഷം; ‘ജഡ്ജി’യെ അടക്കം പൊക്കി പോലീസ്
വ്യാജ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ തട്ടിപ്പുകള്‍ നടക്കാറുള്ള ഗുജറാത്തിൽ നിന്നും ഒരു വ്യത്യസ്ത തട്ടിപ്പ് വാർത്ത. സ്വന്തമായി ഒരു ട്രിബ്യൂണൽ കോടതി തന്നെ ഒരുക്കിയാണ് ഗുജറാത്തിലെ ഗാന്ധിനഗറിൽ തട്ടിപ്പുകാർ വിളയാടിയത്. ജഡ്ജിയും ഗുമസ്തന്മാരുമടക്കം യഥാർത്ഥ കോടതിയെ വെല്ലുന്ന രീതിയിലാണ് വ്യാജ കോടതിയും പ്രവർത്തിച്ചത്. അഞ്ച് വർഷത്തിലേറെയായി ഈ ‘കോടതി’ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഗാന്ധിനഗര്‍ സ്വദേശിയായ മൗറീസ് സാമുവല്‍ ക്രിസ്റ്റ്യൻ എന്നയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇയാളാണ് വ്യാജ ട്രിബ്യൂണലിൽ ജഡ്ജിയായി വിധി ന്യായം പറഞ്ഞിരുന്നത്. ഇയാളുടെ ഗാന്ധിനഗറിലെ ഓഫിസാണ് കോടതിയാക്കി മാറ്റിയെടുത്തത്. ഭൂമി സംബന്ധമായ കാര്യങ്ങളിൽ ഇടപാടുകാർക്ക് അനുകൂലമായി വ്യാജ വിധികള്‍ പുറപ്പെടുവിച്ചാണ് മൗറീസ് സാമുവൽ ക്രിസ്റ്റ്യന്‍ തട്ടിപ്പ് നടത്തിയിരുന്നത്. നഗരത്തിലെ സിവിൽ കോടതിയിൽ തീർപ്പാക്കാതെ കിടക്കുന്ന ഭൂമിതർക്ക കേസുകളിലെ കക്ഷികളെ ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരം കേസുകൾ തീർപ്പാക്കാൻ കോടതി നിയോഗിച്ച ഔദ്യോഗിക മധ്യസ്ഥനാണെന്ന വ്യാജേനയാണ് കക്ഷികളുമായി ബന്ധപ്പെടുക. ഇവരുടെ കേസ് ട്രിബ്യൂണലിൽ പരിഗണിക്കാമെന്നും വാഗ്ദാനം ചെയ്യും. യഥാർഥ കോടതിയെ വെല്ലുന്ന നിലയിലാണ് മോറിസ് സാമുവലിന്‍റെ ഓഫിസിൽ വ്യാജ ‘ട്രിബ്യൂണൽ’ ഒരുക്കിയിരുന്നത്. കോടതിയിലുണ്ടാകുന്ന തരത്തിൽ ഉദ്യോഗസ്ഥരെല്ലാം ഇവിടെയുമുണ്ടാവും. കക്ഷികളെ ഇവിടേക്ക് വിളിച്ച് വരുത്തിയാണ് കേസുകൾ പരിഗണിക്കുക. ശേഷം, കക്ഷികൾക്ക് അനുകൂലമായ വിധത്തിൽ കേസുകൾ പരിഹരിച്ചതായി വ്യാജ ഉത്തരവ് ഇറക്കുകയും ഇവരിൽ നിന്ന് വൻ തുക ഈടാക്കുകയുമാണ് ചെയ്തിരുന്നത്.
ഈ വ്യാജ കോടതിയിൽ 2019ൽ നിന്ന് നേടിയ ഒരു ഉത്തരവ് അടുത്തിടെ മറ്റൊരു കോടതിയിലെ ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയിൽപെട്ടതോടെയാണ് പൊലീസിൽ വിവരമറിയിക്കുന്നത്. സർക്കാർ ഭൂമിയിൽ ഉടമസ്ഥത ഉന്നയിച്ച് 2019ൽ ഒരാൾ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ കക്ഷിയെ കബളിപ്പിച്ച തട്ടിപ്പുകാർ വ്യാജ കോടതിയിൽ നിന്ന് ഇയാൾക്ക് അനുകൂലമായ വിധിയും നൽകി. ഈ വിധി വ്യാജമാണെന്ന് സിവിൽ കോടതി രജിസ്ട്രാറുടെ ശ്രദ്ധയിൽപെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. അഹമ്മദാബാദ് ഭദ്രയിലെ സിറ്റി സിവിൽ കോടതി രജിസ്ട്രാർ ഹാർദിക് സാഗർ ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.