രാജ്യത്തിനാകെ മാതൃകയാവുന്ന ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം ‘എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം’ (ഇന്റഗ്രേറ്റഡ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം) കേരളത്തിൽ യാഥാർത്ഥ്യമായി
രാജ്യത്തിനാകെ മാതൃകയാവുന്ന ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം ‘എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം’ (ഇന്റഗ്രേറ്റഡ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം) കേരളത്തിൽ യാഥാർത്ഥ്യമായി. ഡിജിറ്റല്‍ മേഖലയില്‍ ഏറെ വികസിച്ചിട്ടുള്ള ലോകരാജ്യങ്ങള്‍ക്കിടയില്‍ പോലും വിരലിലെണ്ണാവുന്ന ഇടങ്ങളില്‍ മാത്രമാണ് സമഗ്ര ഭൂരേഖാ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിലവിലുള്ളത്. ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഈ ഡിജിറ്റല്‍ ഭൂരേഖാ സംവിധാനം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. വിവിധ ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ ഇനി പൊതുജനത്തിന് ഭൂമിസംബന്ധമായ ഇടപാടുകള്‍ കാര്യക്ഷമമായും സുതാര്യമായും ലഭ്യമാകും. കാസര്‍കോട് ജില്ലയിലെ ഉജ്ജാര്‍ ഉള്‍വാര്‍ വില്ലേജില്‍ തുടക്കം കുറിക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ മൂന്ന് മാസത്തിനകം ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ 212 വില്ലേജുകളിലേക്കും വ്യാപിപ്പിക്കും. ഭൂരേഖാവിവരങ്ങളുടെ നിരന്തരവും കൃത്യവുമായ പുതുക്കലുകളിലൂടെ ഇന്റഗ്രേറ്റഡ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം ഭൂരേഖാ പരിപാലനത്തെ കൂടുതൽ കാര്യക്ഷമമാക്കുമെന്നത് നിശ്ചയമാണ്. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യം മുൻനിർത്തി പൊതുജനങ്ങൾക്കായി വിവിധ പദ്ധതികളാണ് ഈ സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. ‘എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം’ ഈ രംഗത്തെ പ്രധാന ചുവടുവെപ്പുകളിലൊന്നാണ്.