സി.പി.ഐ നേതാവ് ഒന്നരക്കോടി രൂപ ലോണ്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അവസാനം പരിഹാരം
നെടുങ്കണ്ടം: സി.പി.ഐ നേതാവ് ഒന്നരക്കോടി രൂപ ലോണ്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അവസാനം പരിഹാരം. പാര്‍ട്ടി ഇടപെട്ടതിനെ തുടര്‍ന്ന് വാങ്ങിയ മുഴുവന്‍ പണവും സി.പി.ഐ നേതാവ് തിരികെ നല്‍കി. നേതൃത്വ പദവിയിലെത്തുന്നത് തടയാനായി പാര്‍ട്ടിയിലെ ഒരു വിഭാഗം തനിക്കെതിരെ ആരോപണമുയര്‍ത്തിയെന്നാണ് നേതാവ് നല്‍കുന്ന വിശദീകരണം. ആരോപണം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ സൃഷ്ടിയാണ്. സമീപകാലത്ത് ഉടുമ്പന്‍ചോലയിലെ സി.പി.ഐയില്‍ നടന്ന ചില വിഷയങ്ങളുടെ ഭാഗമായി ഒരു വിഭാഗമാണ് പരാതിയുടെ പിന്നിലെന്നും ആരോപണ വിധേയനായ നേതാവിന്റെ അനുകൂലികള്‍ പറയുന്നു. വലിയതോവാള സ്വദേശിയായ യുവാവ് സി.പി.ഐ ജില്ല സെക്രട്ടറിക്കാണ് പരാതി നല്‍കിയത്.
വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ സി.പി.ഐ ഉടുമ്പന്‍ചോല നിയോജക മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പരാതിക്കാരനില്‍ നിന്നും വാങ്ങിയതെന്നാണ് ആരോപണം. നേതാവ് ആവശ്യപ്പെട്ടതു പ്രകാരം 2020 സെപ്റ്റംബര്‍ 25 ന് അക്കൗണ്ട് വഴിയാണ് ഒന്നര ലക്ഷം രൂപ കൈമാറിയതെന്നാണ് പരാതി. 90000 രൂപ മടക്കി നല്‍കി. ബാക്കി 60000 രൂപ മടക്കി നല്‍കാമെന്ന് പറഞ്ഞിട്ടും തിരികെ നല്‍കിയില്ലെന്നാണ് പരാതി. തുടര്‍ന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. പുളിയന്‍മലയിലെ പാര്‍ട്ടി ഓഫിസില്‍ നടന്ന ചര്‍ച്ചക്കു ശേഷം സി.പി.ഐ നേതാവ് ബാക്കി തുക മടക്കി നല്‍കി. എന്നാല്‍ പണം കൈപ്പറ്റിയത് ബാങ്ക് വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്തല്ലെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും സി.പി.ഐ നേതാവ് പറഞ്ഞു.