തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുത് : വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി


ചൂഷണം നേരിടുന്ന തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ശില്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. നമ്മുടെ നിയമങ്ങൾ സ്ത്രീകളെ പരിരക്ഷിക്കാൻ പ്രാപ്തമാണ്.അവകാശനിഷേധത്തെ ചോദ്യം ചെയ്യാന്നും, അവകാശങ്ങളെ തിരിച്ചറിയാനും നമുക്ക് കഴിയണം.തോട്ടം മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിലേക്ക് ശുപാർശ നൽകുമെന്നും വിഷയങ്ങൾ ശക്തമായി അവതരിപ്പിക്കുമെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ , എലിസബത്ത് മാമൻ മത്തായി,ബി ആർ മഹിളാമണി, കമ്മീഷൻ ഡയറക്ടർ ഷാജി സുഗണൻ, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.വനിതാ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി പീരുമേട് തോട്ടം മേഖലയിൽ കമ്മീഷൻ അധ്യക്ഷയുടെ നേതൃത്വത്തിൽ അംഗങ്ങൾ സന്ദർശനവും നടത്തി.