പരാതിയും വ്യാജമോ? നവീന്‍ ബാബുവിനെതിരായ പരാതിയിലെ പ്രശാന്തിന്റെ ഒപ്പ് വ്യാജം, പേരും വ്യത്യസ്തം
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പരാതിക്കാരന്റെ ഒപ്പ് വ്യാജം. പരാതിക്കാരന്‍ പ്രശാന്തിന്റെ ഒപ്പാണ് വ്യാജം. പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറിലെയും പരാതിയിലെയും പ്രശാന്തിന്റെ ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. പരാതിയില്‍ പ്രശാന്തനെന്നും കരാറില്‍ പ്രശാന്തെന്നുമാണ് പേരുള്ളത്.
എന്നാല്‍ നവീന്‍ ബാബുവിന്റെ ക്വാട്ടേഴ്‌സില്‍ പ്രശാന്ത് എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസം ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. പള്ളിക്കരയിലെ ക്വാട്ടേഴ്‌സിന്റെ മുന്നില്‍വെച്ച് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.
അതേസമയം നവീന്റെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് റവന്യൂവകുപ്പ് ഉത്തരവിട്ടു. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്. ആറ് കാര്യങ്ങള്‍ അന്വേഷിക്കാനാണ് ഉത്തരവില്‍ പറയുന്നത്.
മരണം എങ്ങനെ സംഭവിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങള്‍ പരിശോധിക്കുക, ദിവ്യ എന്തെങ്കിലും തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ, എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ടോ, മറ്റു ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ അതും പരിശോധിക്കുക എന്നീ കാര്യങ്ങള്‍ അന്വേഷിക്കാനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.