ഇടുക്കിയെ വിറപ്പിച്ച് കനത്തമഴ; ഉരുൾപൊട്ടൽ ഭീഷണിയിൽ മൂന്നാർ; ദുരിതപ്പെയ്ത്ത്
ഇടുക്കിയെ വിറപ്പിച്ച് കനത്തമഴ. മഴയ്ക്കൊപ്പം ഭീതി വിതച്ച് കാറ്റും. 2 ദിവസത്തിനിടെ ഹൈറേഞ്ച് മേഖലകളിൽ വ്യാപക കെടുതികൾ. രാജകുമാരി കുംഭപ്പാറയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന വീട്ടമ്മ മരം ദേഹത്ത് വീണ് മരിച്ചു. കുംഭപ്പാറ സ്വദേശി മനോഹരന്റെ ഭാര്യ പുഷ്പ(48) ആണ് മരിച്ചത്. കനത്ത മഴയിൽ കൊച്ചി– ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ–ദേവികുളം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാർ സർക്കാർ കോളജ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മഴ കനത്താൽ പ്രദേശത്ത് കൂടുതലായി മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുകയാണ്. മൂന്നാർ–മറയൂർ റോഡിലും മണ്ണിടിച്ചിലുണ്ടായി.
മണ്ണിടിച്ചിലിൽ മൂന്നാറിൽ 3 വീടുകൾ ഭാഗികമായി തകർന്നു. മൂന്ന് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. അടിമാലി ചിന്നപ്പാറക്കുടി റോഡിൽ വൈദ്യുതി പോസ്റ്റും മരവും ഒടിഞ്ഞ് വീണ് വഴി തടസ്സപ്പെട്ടു. ജലനിരപ്പുയർന്നതിനെ തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. പള്ളിവാസൽ ഹെഡ് വർക്സ്, കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളിലും ജലനിരപ്പുയർന്നു. ദേവിയാർ പുഴ, നല്ലതണ്ണി, മുതിരപ്പുഴ, കന്നിമലയാർ തുടങ്ങി അടിമാലി, മൂന്നാർ മേഖലകളിലെ പുഴകളിലൊക്കെയും ഒഴുക്ക് വർധിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഈ മേഖലകളിലെ സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തിപ്പോരുകയാണ്.
നെടുങ്കണ്ടം മേഖലയിൽ ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പാറത്തോട്ടിൽ വീട് അപകടാവസ്ഥയിലായതിനെത്തുടർന്ന് 4 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. കാറ്റിലും മഴയിലും വിവിധ സ്ഥലങ്ങളിൽ കൃഷിനാശവും നേരിട്ടു. മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും വൈദ്യുതി ലൈനുകൾ പൊട്ടിയും പലയിടങ്ങളിലും വൈദ്യുതി വിതരണവും താറുമാറായി. ലോറേഞ്ച് മേഖലകളിലും ഇടവിട്ട് മഴ തുടരുകയാണ്. തൊടുപുഴ–പുളിയൻമല സംസ്ഥാന പാതയിൽ അറക്കുളം അശോക കവലയ്ക്കു സമീപം റോഡ് വിണ്ടുകീറി. ഇതുവഴി ഗതാഗതം ഒറ്റവരിയാക്കി. ഇന്നലെ രാവിലെ 7 നു അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്തത് ശരാശരി 61.28 മില്ലീമീറ്റർ മഴയാണ്. ദേവികുളം താലൂക്കിലാണ് മഴ കൂടുതൽ. ജില്ലയിൽ 26 വരെ യെലോ അലർട്ട് ആണ്. മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ഏറെ ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്.
അതിതീവ്ര മഴയിൽ മൂന്നാർ
ഈ മാസം ഇതുവരെ മൂന്നാറിൽ ലഭിച്ചത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ചതിന്റെ ഇരട്ടി മഴ. ഇക്കുറി ജൂലൈ ഒന്ന് മുതൽ 23 വരെ 98.81 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ 23 വരെ ലഭിച്ചത് 46.43 സെന്റീമീറ്ററായിരുന്നു. 2020 ൽ ഓഗസ്റ്റിലാണ് മഴ അതിശക്തമായതും പെട്ടിമുടിയിൽ 70 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായതും.
മണ്ണിടിച്ചിൽ ഭീതിയിൽ മൂന്നാർ
2 ദിവസമായി അതിതീവ്ര മഴ രേഖപ്പെടുത്തുന്ന മൂന്നാർ ഉരുൾപൊട്ടൽ ഭീഷണിയിൽ. വ്യാഴാഴ്ച 12.56 ഉം ഇന്നലെ 14.30 ഉം സെന്റീമീറ്റർ മഴയാണ് പെയ്തത്. ഇതോടെ പല ഭാഗത്തും മണ്ണിടിച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. മൂന്നാർ–ഉടുമൽപേട്ട സംസ്ഥാനാന്തര പാതയിലും അഞ്ച് മണിക്കൂറോളം വാഹന ഗതാഗതം മുടങ്ങി. ദേശീയപാതയിൽ മൂന്നാർ ഗവ.കോളജിന് മുൻവശത്താണ് ഇന്നലെ പുലർച്ചെ മണ്ണിടിച്ചിൽ ഉണ്ടായത്. പാതയോരത്ത് കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന കോളജ് കെട്ടിടങ്ങൾക്ക് മുന്നിൽ നിന്നാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇതോടെ ഈ കെട്ടിടങ്ങൾ ഏത് സമയത്തും നിലംപൊത്താവുന്ന നിലയിൽ തീർത്തും അപകടാവസ്ഥയിലാണ്. റോഡിലെ കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്താലും ഇതുവഴി ഗതാഗതം പുനഃസ്ഥാപിക്കുന്നത് അപകടകരമാണ്.