ട്രിച്ചിയിൽ ആകാശത്ത് വട്ടമിട്ട് പറന്ന് എയർ ഇന്ത്യ വിമാനം; സാങ്കേതിക തകരാർ പ്രതിസന്ധി


ട്രിച്ചിയിൽ ആകാശത്തു വെച്ച് എയർ ഇന്ത്യ ട്രിച്ചി-ഷാർജ വിമാനത്തിന് സാങ്കേതിക തകരാർ. നിലത്തിറക്കാൻ പറ്റാതെ വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. ഹൈഡ്രോളിക് ഗിയറുകൾക്ക് സംഭവിച്ച തകരാർ ആണ് സംഭവത്തിന് കാരണമെന്നാണ് നിഗമനം. വൈകീട്ട് 5.40 മുതൽ വിമാനം ലാൻഡ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല. 140 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. എയർ എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്.
വിമാനം ലാൻഡ് ചെയ്യുന്നതിന് റൺവേയിൽ സുരക്ഷ ഒരുക്കുന്നുണ്ട്. വിമാനത്താവളത്തിൽ ആംബുലൻസും അഗ്നിശമന സേനയും സജ്ജമാക്കിയിട്ടുണ്ട്. അതേസമയം വിമാനം 45 മിനിറ്റിനുള്ളിൽ ലാൻഡ് ചെയ്യിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എയർപോർട്ട് ഡയറക്ടറെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലെ ഇന്ധനം പൂർണമായും തീർക്കാൻ വേണ്ടിയാണ് നിലവിൽ വിമാനം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.