ബന്ധത്തെ യുവതിയുടെ മാതാപിതാക്കള്‍ എതിർത്തു; രത്തൻ ടാറ്റ വിവാഹം വേണ്ടെന്നു വെച്ചതിനു പിന്നിൽ പ്രണയനഷ്ടം?
അമേരിക്കൻ കാലത്തുണ്ടായ ഒരു പ്രണയ നഷ്ടം രത്തൻ ടാറ്റയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. പല സമയത്തും വിവാഹത്തെപ്പറ്റി ചിന്തിച്ചെങ്കിലും വിവാഹ ജീവിതം വേണ്ടെന്ന തീരുമാനത്തിലേക്കാണ് ഒടുവിൽ രത്തൻ ടാറ്റ എത്തിച്ചത്. രത്തൻ ടാറ്റയുടെ സ്വകാര്യ ജീവിതത്തിലെ ആ എടുകളിലേക്ക്
1955 മുതൽ 1962 വരെ അമേരിക്കയിലായിരുന്നു രത്തൻ ടാറ്റയുടെ ജീവിതം. പതിനഞ്ചാം വയസ്സിലാണ് രത്തൻ ഇന്ത്യ വിടുന്നത്. അമേരിക്കയിൽ കോണെൽ യൂണിവേഴ്‌സിറ്റിയിൽ ആദ്യത്തെ രണ്ടു വർഷക്കാലം അച്ഛന്റെ ആഗ്രഹപ്രകാരം എഞ്ചിനീയറിങ്ങാണ് രത്തൻ പഠിച്ചത്. പിന്നെ ആർക്കിെടക്ചറും. 1959-ൽ കോണെൽ യൂണിവേഴ്സിറ്റിയിൽ നിന്നും ആർക്കിടെക്ചറിൽ ബിരുദം നേടിയശേഷം ലോസ് ഏഞ്ചൽസിൽ ജോൺസ് ആന്റ് എമ്മോൺസിൽ കുറച്ചുകാലം തൊഴിലെടുത്തു. രത്തൻ ടാറ്റയെ മാറ്റിമറിച്ചത് ആ കാലഘട്ടമായിരുന്നു. കാലിഫോർണിയ അദ്ദേഹത്തെ വശീകരിച്ചു. ലോസ് ഏഞ്ചൽസിൽ സ്ഥിരതാമസമാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
ആ സമയത്ത് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായെങ്കിലും അത് വിവാഹത്തിലെത്തിയില്ല. അസുഖബാധിതയായ മുത്തശ്ശിയെ പരിപാലിക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും പിന്നീട് തന്റെ പ്രണയിതാവിനെ ഇന്ത്യയിലേക്കെത്തിക്കുന്നതിനായി അമേരിക്കയിലേക്ക് തിരിച്ചെത്തിയെങ്കിലും ഇന്തോ- ചൈന യുദ്ധം നടക്കുന്ന സമയമായിരുന്നതിനാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അതിന് സമ്മതം മൂളിയില്ല. അതൊരു നഷ്ടപ്രണയമായി. എഴുപതുകളിലും എൺപതുകളിലും സിനിമകളിൽ സജീവമായിരുന്ന സിമി ഗരേവാളുമായി രത്തൻ ടാറ്റയ്ക്ക് അടുപ്പമുണ്ടായെങ്കിലും അത് വിവാഹത്തിലെത്തിയില്ല. മറ്റു ഘട്ടങ്ങളിലും വിവാഹത്തെപ്പറ്റി ചിന്തിച്ചെങ്കിലും അവിവാഹിതനായി തന്നെ താൻ തുടരുകയായിരുന്നുവെന്ന് രത്തൻ ടാറ്റ തന്നെ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.