യുഡിഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8 ന് തൊടുപുഴയിൽ സായാഹ്‌ന ‘പ്രതിഷേധ സംഗമം’
മാഫിയ സംഘങ്ങളുടെ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാന ഗവൺമെന്റിന്റെ അഴിമതിക്കും അക്രമത്തിനും അവിശുദ്ധ രാഷ്ട്രീയകൂട്ടുകെട്ടിനുമെതിരെ യുഡിഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി യുഡിഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8 ന് തൊടുപുഴയിൽ സായാഹ്‌ന ‘പ്രതിഷേധ സംഗമം’ സംഘടിപ്പിക്കുമെന്ന് ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ എം ജെ ജേക്കബും അറിയിച്ചു.
സർക്കാർ സംവിധാനങ്ങൾ ADGP എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ദുരുപയോഗം ചെയ്ത്, തൃശൂർ പൂരം കലക്കി, സുരേഷ് ഗോപിക്ക് ഈശ്വര വിശ്വാസികളുടെ സംരക്ഷകനാകാനുള്ള അവസരം സൃഷ്ടിച്ഛ്, സ്വന്തം മുന്നണിയുടെ അണികളെക്കൊണ്ട് മുന്നണി സ്ഥാനാർഥിയായ സുനിൽ കുമാറിനെതിരെ വോട്ട് ചെയ്യിച്ചു ബി ജെ പി ക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കുന്നതിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്ത പിണറായി വിജയൻ രാജ്യം കണ്ട ഏറ്റവും നെറികെട്ട രാഷ്ട്രിയക്കാരനാണ്. തൃശൂർ പൂരം കലക്കിയതിനെക്കുറിച്ച് അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരുവാൻ ഗവൺമെന്റ് തയ്യാറാകണം. എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് അദ്ദേഹത്തിന്റെ സ്വർണ്ണക്കള്ളക്കടത്ത്, സ്വർണ്ണം പൊട്ടിക്കൽ, ലഹരികള്ളക്കടത്ത് തുടങ്ങിയ മാഫിയകളുമായുള്ള ബന്ധം, അനധികൃത സ്വത്ത് സമ്പാദനം എന്നിവയെക്കുറിച്ച് അന്വേഷണം നടത്തണം. എഡിജിപി ആർഎസ്എസ് നേതാക്കളുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണം. ഒക്ടോബർ എട്ടിന് വൈകിട്ട് നാലുമണിക്ക് തൊടുപുഴ പഴയ ബസ്റ്റാൻഡ് മൈതാനിയിൽ ചേരുന്ന ‘പ്രതിഷേധ സംഗമം’ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻമന്ത്രിയുമായ കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. എസ് അശോകൻ, സിപി മാത്യു, ടി എം സലിം, ജോസഫ് ജോൺ, അഡ്വ. ഇഎം ആഗസ്തി, റോയി കെ പൗലോസ്, അഡ്വ. ജോയി തോമസ്, സുരേഷ് ബാബു, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, കെ എം എ ഷുക്കൂർ, പിസി ജയൻ, സാം ജോർജ് തുടങ്ങിയ യുഡിഎഫ് നേതാക്കൾ സംസാരിക്കും