മൂന്നാറിനെ മാലിന്യ മുക്തമാക്കാൻ ആക്ഷൻ പ്ലാൻ രൂപീകരിക്കും :ജില്ലാ കളക്ടർ
മൂന്നാർ വിനോദസഞ്ചാര മേഖലയെ മാലിന്യ മുക്തമാക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി നിർദ്ദേശിച്ചു.മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ തുടർ പ്രവർത്തനം എന്ന നിലയിൽ മൂന്നാറിനെ ഹരിത ടൂറിസം കേന്ദ്രം ആക്കി മാറ്റുന്നതിനുള്ള ചർച്ചാ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ
ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു യോഗം ‘
വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലെയും മൂന്നാറുമായി ബന്ധപ്പെട്ടു കിടക്കുന്ന അടിമാലി, ദേവികുളം ബ്ലോക്കുകളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ നിലവിലെ മാലിന്യ പ്രശ്നങ്ങൾ യോഗം ചർച്ച
ചെയ്തു. ദേവികുളം, അടിമാലി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും,ഈ ബ്ലോക്കുകളിൽ ഉൾപ്പെടുന്ന 14 ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, വിവിധ വകുപ്പ് മേധാവികളും, ജില്ലാ മിഷൻ കോർഡിനേറ്റർമാരും പങ്കെടുത്തു
. മൂന്നാർ മേഖലയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലുള്ള വിടവുകളെയും അത് പരിഹരിക്കാൻ ഏറ്റെടുക്കാവുന്ന നിർദ്ദേശങ്ങളെയും പറ്റി ഹരിത കേരളം മിഷൻ പ്രൊജക്റ്റ് കോർഡിനേറ്റർ ലിജി ജോർജ് അവതരണം നടത്തി.
യോഗത്തിൽ പങ്കെടുത്ത എല്ലാ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുകയും അവരുടെ നിലവിലെ പ്രശ്നങ്ങളും, നിർദ്ദേശങ്ങളും അവതരിപ്പിക്കുകയും ചെയ്തു. സബ് കളക്ടർ അനൂപ് ഗാർഗ്, എൽ എസ് ജിഡി അഡീഷണൽ ജോയിൻ്റ് ഡയരക്ടർ എസ് ശ്രീലേഖ ,ഹരിതകേരളം മിഷൻ കോർഡിനേറ്റർ ഡോ. അജയ് പി കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു..