ജസ്ന തിരോധാനം, അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായി; ജസ്നയുടെ പിതാവ്


കോട്ടയം: മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജസ്ന മരിയ ജയിംസിനെ കാണാതായ സംഭവത്തിലെ അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് പിതാവ് ജയിംസ്. ജെസ്നയെ കാണാതായ ഉടൻ എരുമേലി വെച്ചൂച്ചിറ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, എട്ട് ദിവസം കഴിഞ്ഞാണ് പൊലീസ് അന്വേഷണത്തിനെത്തിയത്. തെളിവുകൾ കണ്ടെത്തുന്നതിന് ഇത് തടസമായെന്നും ജയിംസ് ജോസഫ് പറഞ്ഞു. കേസ് സിബിഐ അവസാനിപ്പിക്കുകയും ക്ലോഷര്‍ റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ റിപ്പോർട്ടറിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മോളെ കാണാതായതിനെ തുടർന്ന് എരുമേലിയിലും കുമളിയിലും അന്വേഷിച്ചത് തങ്ങളാണ്. സി സി ടി വി ദൃശ്യങ്ങൾ കണ്ടെത്തി നൽകിയതും തങ്ങളാണ്. മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും തെറ്റിദ്ധാരണ പരത്തി. കേസിൽ പുനരന്വേഷണത്തിന് ആവശ്യമുന്നയിക്കും. കൂടിയാലോചനകൾ നടത്തി നിയമ നടപടികളിലേക്ക് നീങ്ങും. മകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ജയിംസ് പറഞ്ഞു.
2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയും കൊല്ലമുള കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകളുമായ ജസ്നയെ കാണാതാവുന്നത്. മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് ജസ്ന. അവിടേയ്ക്കുള്ള വഴിയില്‍ കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവിയില്‍ നിന്ന് സ്വകാര്യബസിലിരിക്കുന്ന ജസ്നയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പിന്നെ കുട്ടി എവിടേക്കാണ് പോയതെന്ന് ആര്‍ക്കുമറിയില്ല. ജസ്നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജെസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, കെഎസ്‍യു നേതാവ് അഭിജിത്ത് തുടങ്ങിയവർ നൽകിയ ഹർജിയെ തുടർന്നാണു കേസ് അന്വേഷണം സിബിഐക്ക് വിട്ടത്.
മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ജസ്നയെ കണ്ടെത്താൻ സഹായകമായ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സിബിഐ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സിബിഐ അറിയിച്ചു. ശാസ്ത്രീയ പരിശോധനകളിലും തുമ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. നിർണായക വിവരങ്ങളൊന്നും ലഭിക്കാതെ അന്വേഷണം മുൻപോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്നും എന്തെങ്കിലും വിവരം ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കോടതിയുടെ തീരുമാനം നിർണായകമാകും. കേസിൽ രണ്ട് പേരെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നുണ പരിശോധനയിലൂടെ ഇരുവർക്കും കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എല്ലാ സാധ്യതകളും പരിശോധിച്ചതായി സിബിഐ റിപ്പോർട്ടിൽ പറയുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഇൻസ്പക്ടർ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.