നാട്ടുവാര്‍ത്തകള്‍
പുതിയ റോഡ് നിർമാണത്തിന് കുത്തിപ്പൊളിക്കാൻ കാണിച്ച ഉത്സാഹം നന്നാക്കാനില്ല; മഴ പെയ്തതോടെ കുഴികളിൽ വെള്ളവും ചെളിയും
ചിന്നക്കനാൽ ∙ പുതിയ റോഡ് നിർമാണത്തിന് 5 മാസം മുൻപ് കുത്തിപ്പൊളിച്ച റോഡ് നന്നാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് പരാതി. പെരിയകനാലിൽ നിന്ന് ചിന്നക്കനാലിലേക്കുള്ള 2 കിലോമീറ്റർ സമാന്തര പാതയിലെ ടാറിങ് കഴിഞ്ഞ ഫെബ്രുവരിയിലാണ് കുത്തി പൊളിച്ചത്. ചിന്നക്കനാൽ ബവ്റിജസ് ഔട്‌ലെറ്റ് മുതൽ ഒരു കിലോമീറ്ററോളം ഭാഗത്താണ് ടാറിങ് ഉണ്ടായിരുന്നത്.
റോഡ് നിർമാണത്തിനു വേണ്ടി കുത്തിപ്പൊളിച്ച ഭാഗത്ത് ഇപ്പോൾ വലിയ കുഴികൾ രൂപപ്പെട്ടു. മഴ പെയ്തതോടെ ഇൗ കുഴികളിൽ വെള്ളവും ചെളിയും നിറഞ്ഞ് ഇരുചക്ര വാഹനങ്ങൾക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായി. ദിവസവും നൂറുകണക്കിന് തൊഴിലാളികൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. റോഡ് നിർമാണം ഉടൻ പൂർത്തിയാക്കുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.