വലയിൽ കുടുങ്ങിയ മീൻ എടുക്കാൻ പോയി; ഇടുക്കി ജലാശയത്തിൽ കാണാതായ സഹോദരന്മാർക്കായി തിരച്ചിൽ
ഇടുക്കി ജലാശയത്തിൽ മീൻ പിടിക്കാൻ പോയ സഹോദരങ്ങൾക്കായുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ നടത്തിയ തിരച്ചിലിൽ ഇവരുടെ വള്ളവും ഫോണും കണ്ടെത്തി. കോഴിക്കാട്ട് കുട്ടപ്പന്റെയും തങ്കമ്മയുടെയും മക്കളായ ബിജു(38), ബിനു(36) എന്നിവരാണ് അപകടത്തിൽപെട്ടത്. ഡാമിൽ കെട്ടിയിരുന്ന വലയിൽ കുടുങ്ങിയ മീൻ എടുക്കാൻ ബുധനാഴ്ച രാവിലെ 5നു പോയതായിരുന്നു ഇരുവരും. മടങ്ങിയെത്താൻ വൈകിയതിനെത്തുടർന്നു ബിനുവിന്റെ ഭാര്യ ഫോൺ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ചെറുവള്ളങ്ങളിൽ ജലാശയത്തിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെത്തുടർന്നു കുളമാവ് നേവിയുടെ ബോട്ട് ലഭിച്ചു. രാത്രി നേവി സംഘവും മൂലമറ്റം അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘവും തിരച്ചിലിനെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്നലെ നടത്തിയ തിരച്ചിലിൽ വള്ളവും ഫോണും കണ്ടെത്തുകയായിരുന്നു.
ഇടുക്കി ജലാശയത്തിലെ കണ്ണങ്കയത്താണ് മീൻപിടിക്കാൻ പോയത്. ഇവരുടെ വള്ളം മുത്തിച്ചോല ഭാഗത്തുനിന്നാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് കാലാവസ്ഥ പ്രതികൂലമായതോടെ തിരച്ചിൽ നിർത്തി. എൻഡിആർഎഫ് പൈനാവ് കമാൻഡർ ഡി. കൗസയുടെ നേതൃത്വത്തിലുള്ള സംഘവും മൂലമറ്റം അഗ്നിരക്ഷാസേന സ്കൂബ സംഘം സീനിയർ ഫയർ ഓഫിസർ ജാഫർഖാന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് തിരച്ചിൽ നടത്തുന്നത്. ഇവർക്കു സഹായവുമായി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോസഫ് കദളിക്കാട്ടിലും നാട്ടുകാരുമുണ്ട്.
ഇടുക്കി തഹസിൽദാർ വിൻസെന്റ്, കുളമാവ് എഎസ്‌ഐ ബിജു ജോർജ്, വൈൽഡ് ലൈഫ് ഫോറസ്റ്റർ ബഷീർ എന്നിവരും സ്ഥലത്തെത്തി. അപകടത്തിൽപെട്ടവരുടെ സാധനങ്ങൾ വാഗമൺ പൊലീസ് എത്തി ഏറ്റെടുത്തു. ബിനുവിന്റെ ഭാര്യ: സുധ. മക്കൾ: അബിൻ, അരുണിമ.
ബുധനാഴ്ച അപകടവിവരം കുളമാവ് – വാഗമൺ പൊലീസിൽ അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നു പരാതിയുണ്ട്. എന്നാൽ കുളമാവിൽ നിന്ന് പോകാൻ ബോട്ട് കിട്ടാതിരുന്നതും വാഗമണ്ണിൽ നിന്ന് കൊടുംകാട്ടിലൂടെ രാത്രി എത്താൻ കഴിയുന്ന സാഹചര്യമല്ലാതിരുന്നതും മൂലമാണ് ബുധനാഴ്ച എത്താതിരുന്നതെന്ന് പൊലീസ് പറഞ്ഞു