പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കണം മന്ത്രി റോഷി അഗസ്റ്റിൻ
പരിസ്ഥിതിയും ശുചിത്വവും സംബന്ധിച്ച അശ്രദ്ധ വർദ്ധിച്ച് വരുന്നുണ്ടെന്നും പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയെ വൃത്തിയാക്കുന്നതിനുള്ള ജനകീയ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ഗവ. കോളജ് അക്കാഡമിക് ബ്ലോക്കിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയൻ ചിന്തകളിലൂന്നിയ പ്രവർത്തനങ്ങളിലൂടെ മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിക്കാൻ നമുക്ക് കഴിയണം. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് മാലിന്യ മുക്ത നവകേരളം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള ശുചിത്വ പദയാത്രകൾ, ഹരിത ചെക്ക്പോസ്റ്റുുകൾ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് നടത്തുന്നത്. ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ നീളുന്ന പ്രചാരണ പരിപാടിയിൽ മുഴുവൻ ജനങ്ങളും സഹകരിക്കണം മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ജില്ലാ കളക്ടർ വി വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ബ്ലോക്ക് പഞ്ചായത്തംഗംഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗം നിമ്മി ജയൻ,ഹരിത കേരള മിഷൻ കോ ഓഡിനേറ്റർ ഡോ അജയ് പി കൃഷ്ണ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി ഡയരക്ടർ ശ്രീലേഖ. കുടുംബശ്രീ കോ ഓഡിനേറ്റർ സി ആർ മിനി, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ ആർ ഭാഗ്യരാജ് മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ഹരിത കലാലയങ്ങൾ, ഹരിത ടുറിസം കേന്ദ്രം മാതൃക ഹരിത സ്ഥാപനം എന്നിവയുടെ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി.
ഗവ. എഞ്ചിനിയറിംഗ് കോളേജ് ഇടുക്കി, ഗവ. പോളിടെക്നിക് കോളേജ് നെടുങ്കണ്ടം, സെൻ്റ് ആൻ്റണീസ് കോളേജ് പെരുവന്താനം, ന്യൂമാൻ കോളേജ് തൊടുപുഴ, മോഡൽ പോളിടെക്നിക് കോളേജ് പൈനാവ്,പവനാത്മ കോളേജ് മുരിക്കാശ്ശേരി യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിംഗ് മുട്ടം എന്നിവയാണ് ഹരിത കലായങ്ങൾ. ഇടുക്കി ഹിൽവ്യൂ പാർക്ക് ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തു. കട്ടപ്പന ജിഎസ്ടി ജോയിൻ്റ് കമ്മീഷണർ ഓഫീസാണ് മാതൃകാ ഹരിത സ്ഥാപനം. തങ്കമണി ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി യൂണിറ്റ് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച പതിനായിരം രൂപയുടെ ചെക്ക് ജില്ലാ കളക്ടർക്ക് കൈമാറി. തുടർന്ന് 500 ശുചിത്വ വളണ്ടിയർമാരുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ കോളേജ് ശുചീകരണം നടന്നു. ജില്ലയിലെ 8 ബ്ലോക്കുകളിലായി 13 പ്രവർത്തനങ്ങളും 53 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 105 ഉദ്ഘാടന പരിപാടികളുമാണ് നടന്നു. കൂടാതെ ജില്ലയിലെ 522 തദ്ദേശ സ്ഥാപന വാർഡുകളിലും വൈവിധ്യമാർന്ന മാലിന്യമുക്ത പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ കൺവീനറുമായ ജില്ലാ തല നിർവ്വഹണ സമിതിയാണ് ജില്ലയെ മാലിന്യമുക്ത ഇടുക്കിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, വനം, ടൂറിസം, ജലസേചനം തുടങ്ങിയ വകുപ്പുകൾ എന്നിവയെല്ലാം ഒത്തുചേർന്ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തുക