‘മാസ്റ്റർ പ്ലാൻ’; തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ ഓരോ ജില്ലയിൽനിന്നും 10,000 പേർ


നടൻ വിജയുടെ പുതിയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ ഓരോ ജില്ലയിൽനിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാൻ തീരൂമാനം. അഞ്ച് ലക്ഷത്തിലേറെ ആളുകളെയാണ് പൊതുസമ്മേളനത്തിൽ പങ്കെടുപ്പിക്കുക. ഇതിനെ സംബന്ധിച്ച് ഓരോ ജില്ലാ നേതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ 38 ജില്ലകൾ ഉൾപ്പെടെ കേരളം, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള ആരാധകരെയും പങ്കെടുപ്പിക്കുമെന്നാണ് പ്രാഥമിക വിവരം.
ഈ മാസം 27-നാണ് സമ്മേളനം നടക്കുക. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ വെച്ച് നടത്താനാണ് നിലവിലെ തീരുമാനം. കഴിഞ്ഞമാസം തീരൂമാനിച്ച സമ്മേളനം ഈ മാസത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. പാർട്ടിയുടെ ആദ്യ സമ്മേളനം വിപുലമായ രീതിയിൽ നടത്താനായിരുന്നു ഇത്തരത്തിലൊരു തീരുമാനം. വിവിധമേഖലകളിലെ പ്രമുഖരെ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമ്മേളനത്തിൽ പങ്കെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി ഈ കാര്യം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല.
അതേ സമയം സമ്മേളനത്തിന് എത്തുന്ന ആളുകൾക്ക് പ്രശ്‌നമുണ്ടാകാതിരിക്കാനും അവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണാനും എങ്ങനെ പ്രവർത്തിക്കണമെന്ന് പാർട്ടി ഭാരവാഹികൾക്ക് ഉപദേശം നൽകിയിട്ടുണ്ട്. സമ്മേളനത്തിനെത്തുന്ന എല്ലാ വാഹനങ്ങളുടെയും രജിസ്‌ട്രേഷൻ നമ്പറും ഇൻഷുറൻസും ആർസി ബുക്കും പാർട്ടി നേതൃത്വത്തിന് മുൻകൂറായി അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെ നൂറുകണക്കിന് വാഹനങ്ങളുടെ രേഖകൾ പാർട്ടി ഹെഡ് ഓഫീസിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഗതാഗത പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വിജയ് ഒരു പ്രത്യേക അഭിഭാഷക യൂണിറ്റും രൂപികരിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ 38 ജില്ലകളില് നിന്നായി നാല് ലക്ഷം പേരെയെങ്കിലും സമ്മേളനത്തില് പങ്കെടുപ്പിക്കാനാണ് വിജയ് പദ്ധതിയിടുന്നതെന്നാണ് സൂചന.