‘പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; ജനങ്ങൾ ഒപ്പം ഉണ്ടാകും’; പ്രഖ്യാപനവുമായി പിവി അൻവർ
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ. ജനങ്ങൾ കൂടെയുണ്ടാകുമെന്നും കേരളത്തിൽ എല്ലായിടത്തും മത്സരിക്കുമെന്ന് പിവി അൻവർ വ്യക്തമാക്കി. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അൻവർ അറിയിച്ചു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം ഉണ്ടാകുമെന്നും ആശയങ്ങളുമായി മുന്നോട്ട് പോകുമെന്നും പിവി അൻവർ പറഞ്ഞു.
മതേതരത്വത്തിൽ ഊന്നിയ പ്രത്യയശാസ്ത്രമായിരിക്കും പുതിയ രാഷ്ട്രീയ പാർട്ടിക്കെന്ന് പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. പി.ശശിയ്ക്കും അജിത് കുമാറിനുമെതിരെ തുടങ്ങിയ പോരാട്ടമാണിതെന്നും ഉന്നയിച്ച ആരോപണങ്ങളിൽ എവിടെയും നിർത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും അൻവർ പറഞ്ഞു.
അതേസമയം ദ ഹിന്ദു ദിന പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വിവാദ അഭിമുഖത്തിൽ രൂക്ഷ വിമർശനമാണ് പിവി അൻവർ എംഎൽഎ ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് അദ്ദേഹത്തിന് നല്ലതെന്ന് അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ബോധപൂർവ്വമാണെന്നും ബി.ജെ.പി നേതൃത്വവുമായി ആലോചിച്ചു വന്ന അഭിമുഖമാണെന്ന് അൻവർ ആരോപിച്ചിരുന്നു.