പഠന സഹായകിറ്റുകള്‍ വിതരണം ചെയ്തു
ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര ശിക്ഷാ കേരളയുടെയും ഹൈദരാബാദ് ആസ്ഥാനമായ എന്‍ഐഇപിഐഡി (National Institute for the Empowerment of Persons with Intellectual Disability) ന്റേയും നേതൃത്വത്തില്‍ പഠന സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. സമഗ്ര ശിക്ഷാ ഇടുക്കി ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍ഐഇപിഐഡി സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ഗ്രിഗര്‍ പൗലോസ് പദ്ധതി വിശദീകരണം നടത്തി. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 27 കുട്ടികള്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി ടി.എല്‍.എം കിറ്റുകള്‍ വിതരണം ചെയ്തത്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പഠനം എളുപ്പവും രസകരവും ആക്കുന്നതിന് വേണ്ടി ശാസ്ത്രീയമായി തയ്യാറാക്കിയ പഠന സഹായികളാണ് കിറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷി കുട്ടികളുടെ ഭാഷാ, ഗണിത ശേഷികള്‍ ഉറപ്പിക്കുന്നതിനും സര്‍ഗ്ഗാത്മകശേഷികള്‍ പരിപോഷിപ്പിക്കുന്നതിനും ദിനചര്യകള്‍ പരിശീലിപ്പിക്കുന്നതിനും സാമൂഹിക ഉള്‍ച്ചേര്‍ക്കല്‍ എളുപ്പമാക്കി തീര്‍ക്കുന്നതിനും സഹായിക്കുന്ന പഠന ബോധന സാമഗ്രികളാണ് കിറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.