താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പൊളിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു; മാനേജ്മെൻറ് കമ്മിറ്റിയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും രണ്ട് തട്ടിൽ
അടിമാലി▪താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള ഓപ്പറേഷൻ തിയേറ്റർ പൊളിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. നിലവിലുള്ള ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടുന്ന കെട്ടിടം പൊളിക്കണമെന്നാണ് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിലെ രാഷ്ട്രീയ പ്രതിനിധികളും മറ്റ് ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. എന്നാൽ, ഓപ്പറേഷൻ തിയേറ്റർ ഇപ്പോൾ പൊളിക്കേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ രംഗത്തെത്തി. ബുധനാഴ്ച നടന്ന ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിൽ ഇതേച്ചൊല്ലി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിൽ വാക്കേറ്റമുണ്ടായി.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അനുവദിച്ച് രണ്ടുവർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയ ബഹുനില കെട്ടിടത്തിന് ഇതുവരെയും അഗ്നിരക്ഷാസേനയുടെ അനുമതി ലഭിച്ചിട്ടില്ല. ഇതിന് അംഗീകാരം ലഭിക്കണമെങ്കിൽ നിലവിലെ ഓപ്പറേഷൻ തിയേറ്റർ പൊളിച്ച് ആശുപത്രിക്കുള്ളിൽ വലിയ വാഹനഗതാഗതത്തിന് സൗകര്യം ഒരുക്കണം. അങ്ങനെയെങ്കിൽ മാത്രമേ അഞ്ചുവർഷം മുമ്പ് നിർമാണം പൂർത്തിയായ ആദ്യത്തെ ബഹുനില കെട്ടിടത്തിന് അഗ്നിരക്ഷാസേനയുടെ അംഗീകാരം ലഭിക്കൂ. ഇതാണ് ഓപ്പറേഷൻ തിയേറ്റർ പൊളിക്കണമെന്ന് ഒരു വിഭാഗം പറയാൻ കാരണം. ഓപ്പറേഷൻ തിയേറ്റർ പൊളിച്ചാൽ ഇതിെൻറ പുനർ ക്രമീകരണത്തിന് വർഷങ്ങളെടുക്കും. ഇത് ആശുപത്രി പ്രവർത്തനത്തെ ബാധിക്കും. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്ന ആശുപത്രികളിൽ ഒന്നാണ് അടിമാലി താലൂക്ക് ആശുപത്രി. പ്രസവശസ്ത്രക്രിയകൾ, ഓർത്തോ സർജറി തുടങ്ങിയ പ്രധാനപ്പെട്ട ഓപ്പറേഷനുകൾ എന്നിവയാണ് ഇവിടെ കൂടുതലായി നടക്കുന്നത്. ഇത് ഇല്ലാതെ പോയാൽ രോഗികൾ ഇടുക്കി മെഡിക്കൽ കോളേജിലോ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലോ പോകേണ്ടിവരും. പകരം താത്കാലിക സംവിധാനം ഒരുക്കി മാത്രമേ നിലവിലുള്ള ഓപ്പറേഷൻ തിയേറ്റർ പൊളിക്കാവൂ എന്നാണ് ഡോക്ടർമാർ ഉൾപ്പെടുന്ന മറ്റൊരു വിഭാഗം പറയുന്നത്. തങ്ങളുടെ അഭിപ്രായത്തിന് യാതൊരു വിലയും കൽപ്പിക്കാതെ തിയേറ്റർ പൊളിക്കുകയാണെങ്കിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ സ്ഥലംമാറിപ്പോകും എന്ന ഭീഷണിയും ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയിൽ ഡോക്ടർമാർ മുഴക്കിയതായാണ് വിവരം. ഓപ്പറേഷൻ തിയേറ്ററിന് താത്കാലിക സംവിധാനം ഒരുക്കാതെ പൊളിച്ചാൽ നിരവധി രോഗികളെ ഇത് ബാധിക്കുമെന്നാണ് പൊതുജനങ്ങളും പറയുന്നത്.