അയൽവാസിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ
നെടുങ്കണ്ടം: അയൽവാസിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച യുവതി പിടിയിൽ. ചോറ്റുപാറയിൽ വാടകയ്ക്ക് താമസിക്കുന്ന ചിറക്കരോട്ട് മഞ്ജു (25) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ഒന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം. ഇവരുടെ അയൽവാസി ജ്യോതിഷ്ഭവൻ വീട്ടിൽ ജനാർദ്ദനൻപിള്ളയുടെ മകൾ ജ്യോതിലക്ഷ്മിയുടെ ഒന്നര പവൻ വരുന്ന ആഭരണം ആണ് മോഷണം പോയത്. ജ്യോതിലക്ഷ്മിയുടെ സഹോദരൻ ജ്യോതിഷന്റെ വിവാഹനിശ്ചത്തിനായി ഒന്നിന് പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തേക്ക് പോയതായിരുന്നു കുടുംബം. തിരികെ രാത്രി എട്ടോടെ മടങ്ങിയെത്തിയശേഷം നടത്തിയ പരിശോധനയിൽ നിന്നാണ് ബാഗിനുള്ളിൽ നിന്നും സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. വീടിനുള്ളിൽ നിന്നും വിലപിടിപ്പുള്ള മറ്റു വസ്തുക്കൾ ഒന്നും മോഷണം പോകാത്തതിനാൽ സംശയം തോന്നിയ വീട്ടുകാർ വീട് ശ്രദ്ധിക്കാനായി ഏൽപ്പിച്ച മഞ്ജുവിനോട് തിരക്കിയെങ്കിലും ഇവർ മോഷണം നിഷേധിച്ചുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടുകാരും നെടുങ്കണ്ടം പൊലീസും ചേർന്ന് നടത്തിയ രഹസ്യ നിരീക്ഷണത്തിൽ നെടുങ്കണ്ടത്തെ ജ്വല്ലറിയിൽ സ്വർണ്ണം വിറ്റതായി വിവരം ലഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജുവലറിയിൽ ജ്യോതിലക്ഷ്മിയുടെ പേരിലായിരുന്നു മഞ്ജു സ്വർണ്ണം മാറി വാങ്ങിയതും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.