സഹകരണ ആശുപത്രി അണക്കരയിൽ: ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം
കുമളി : തങ്കമണി ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹകരണ ആശുപത്രി അണക്കരയിൽ പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി പ്രാരംഭ നടപടികൾ പൂർത്തിയായി. അണക്കര എസ്എൻ.ഡി.പി. പള്ളിപ്പടി റോഡിൽ ആശുപത്രിക്ക് അനുയോജ്യമായ കെട്ടിടമേറ്റെടുത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പ്രദേശത്തെ വിവിധ രാഷ്ട്രീയ സാമുദായിക വ്യവസായ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചേർന്ന ആശുപത്രി രൂപീകരണ യോഗത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആശുപത്രിയുടെ സാക്ഷാത്കാരത്തിലേക്കുള്ള ആദ്യ പടിയായി നിക്ഷേപകരെ കണ്ടെത്തുവാനും ഓഹരി സമാഹരിക്കുവാനും തീരുമാനമായി ആദ്യഘട്ടത്തിൽ ഒരുകോടി അൻപതുലക്ഷം രൂപ ഓഹരിയായി സമാഹരിച്ച് ആശുപത്രിയുടെ പ്രവർത്തനമാരംഭിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഓഹരി സമാഹരണം വരും ദിവസങ്ങളിൽ ആരംഭിക്കും. യോഗത്തിൽ ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാമചന്ദ്രൻ അധ്യക്ഷനായി. സഹകരണ ആശുപത്രി സ്ഥാപക പ്രസിഡന്റ് സി.വി.വർഗീസ്, കെ.ആർ.സോദരൻ, ടി.എസ്.ബിസി, സജി തടത്തിൽ, കെ.പി.സുമോദ്, രാരിച്ചൻ നീറണാകുന്നേൽ എന്നിവർ സംസാരിച്ചു.
രണ്ടുമാസത്തിനുള്ളിൽ അണക്കരയിൽ ആശുപത്രിയുടെ പ്രവർത്തനമാരംഭിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.