വനശ്രീക്ക് വേണം കുന്നോളം സഹായം
ഉപ്പുകുന്ന് : ‘വനശ്രീ’. ഈ പേരുപോലെതന്നെ വന ഉത്‌പന്നങ്ങൾകൊണ്ട് കരകൗശലവസ്തുക്കളും വീട്ടുപകരണങ്ങളും നിർമിക്കുന്ന ഉപ്പുകുന്നിലെ ഗോത്രവർഗക്കാരുടെ സംരംഭം. എന്നാൽ, സമ്പർക്കവിലക്കിൽ പ്രതിസന്ധിയിലായ വനശ്രീ എങ്ങനെ കരകയറുമെന്നറിയാതെ വിഷമിക്കുകയാണിപ്പോൾ.
ഗോത്രവിഭാഗത്തിൽപ്പെട്ട 28 വനിതകളുടെ വരുമാനമാർഗമാണ് ഇല്ലാതായത്. ഉപ്പുകുന്നിൽനിന്ന് മൂന്നുകിലോമീറ്റർ ഉള്ളിൽ കള്ളിക്കലിലാണ് ഈ സ്ഥാപനം. ഗോത്രവർഗസംസ്കാരവും തനിമയും വരും തലമുറയ്ക്ക് പകർന്നുനൽകുകയെന്നതും ഗോത്രവിഭാഗക്കാരുടെ വരുമാനവർധനയും ലക്ഷ്യമിട്ടാണ് വനശ്രീ യൂണിറ്റ് സ്ഥാപിച്ചത്. അംഗങ്ങൾക്ക് നാഷണൽ ഡിസൈനിങ് സെന്റർ വഴി പരിശീലനവും നൽകിയിരുന്നു. പരിശീലനം കിട്ടിയവർക്ക് യൂണിറ്റിലേക്ക് ആവശ്യമായ യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ കുടുംബശ്രീ വഴി ധനസഹായവും കിട്ടി. എന്നാൽ, പ്രവർത്തനം തുടങ്ങി അധികനാൾ കഴിയുംമുമ്പ് കോവിഡെത്തി. അതോടെ കെട്ടിടവാടക കൊടുക്കാൻപോലും വരുമാനമില്ലാതായി. നിവൃത്തികേടുകൊണ്ട് വാടകക്കെട്ടിടം ഉപേക്ഷിച്ച് യന്ത്രങ്ങളിപ്പോൾ അംഗങ്ങളുടെ വീട്ടിലേക്കു മാറ്റി.
നിർമാണരീതി
കാട്ടിലും സ്വന്തം പുരയിടത്തിലുമുള്ള മുള ശേഖരിച്ച് പുഴുങ്ങിയുണങ്ങും. ഇവ യന്ത്രസഹായത്തോടെ ആവശ്യാനുസരണം മുറിക്കും. ഗോത്രവർഗ വനിതാപ്രവർത്തകർ ഇവയെ കരകൗശലവസ്തുക്കളും വീട്ടുപകരണങ്ങളുമാക്കി മാറ്റും. കുട്ട, മുറം, സ്പൂൺ, പരമ്പ്, നോൺസ്റ്റിക്കിൽ ഉപയോഗിക്കാൻ പാകത്തിനുളള ചട്ടുകങ്ങൾ, പപ്പടംകുത്തി, മുളപ്പെട്ടികൾ, പഴ്‌സ്… എന്നിവ കൂടാതെ പാരമ്പര്യമായി ആദിവാസിക്കുടികളിൽ ഉത്സവങ്ങൾക്കും ആചാരങ്ങൾക്കും ഉപയോഗിക്കുന്ന വിവിധ വസ്തുക്കളും നിർമിക്കുന്നു.
പ്രതിസന്ധി
ട്രൈബൽ ഡിപ്പാർട്ട്മെൻറ് നടത്തുന്ന മേളകളിലായിരുന്നു ഉത്പന്നങ്ങൾ വിറ്റിരുന്നത്. മോശമല്ലാത്ത വരുമാനവും കിട്ടിയിരുന്നു. പക്ഷേ, കോവിഡ് എല്ലാം തകിടംമറിച്ചു. മേളകൾ നടക്കാതായതോടെ വരുമാനവും നിലച്ചു. ഇതിനുപുറമേ ഉത്പാദന യൂണിറ്റ് സ്ഥാപിക്കാൻ കെട്ടിടവുമില്ല.
വേണം സഹായം
യൂണിറ്റ് പ്രവർത്തിപ്പിക്കാനാവശ്യമായ കെട്ടിടം കള്ളിക്കലിൽ നിർമിച്ചുനൽകാൻ ട്രൈബൽ വകുപ്പോ, പഞ്ചായത്തോ, വ്യവസായവകുപ്പോ ബാംബൂ കോർപ്പറേഷനോ മുമ്പോട്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ കുളമാവ് ഡാം ടോപ്പിന് സമീപം ഉത്പന്നങ്ങൾക്ക് സ്ഥിരം വില്പനസൗകര്യം ഒരുക്കിയാൽ മെച്ചമുണ്ടാകും. വനംവകുപ്പും വൈദ്യുതിവകുപ്പും സഹായിക്കണം.
സൗകര്യമൊരുക്കണം
ഗോത്രവിഭാഗം വനിതകളുടെ ജീവിതനിലവാരം ഉയർത്താനുള്ള മാർഗമാണ് പാരമ്പര്യ തൊഴിൽപരിചയത്തിൽ നിർമിക്കുന്ന ഇത്തരം ഉത്പന്നങ്ങൾ വിറ്റുകിട്ടുന്ന വരുമാനം. ഇതിനുവേണ്ട സഹായം നൽകാനും സൗകര്യങ്ങളൊരുക്കിനൽകാനും ഉത്തരവാദപ്പെട്ടവർ മുമ്പോട്ടുവരണം.
ജനാർദനൻ,
പ്രസിഡന്റ്, വനശ്രീ യൂണിറ്റ്.
കെട്ടിടമില്ലാത്തത് പ്രതിസന്ധി
യൂണിറ്റിന് കെട്ടിടമില്ലാത്തതും ഉത്‌പന്നങ്ങൾക്ക് സ്ഥിരം വില്പനസൗകര്യമില്ലാത്തതുമാണ് പ്രതിസന്ധി. ഇത് പരിഹരിക്കണം.
സിമി സുനിൽ
സെക്രട്ടറി.