സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണൻ


സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണൻ. ഇതുമായി ബന്ധപ്പെട്ട തീരുമാനം സർക്കാരിനെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച പേരുകളും 15 അംഗ പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണമെന്നും സാക്ഷികളിൽ ചിലർ പ്ലാൻ ചെയ്തതാണ് 15 അംഗ പവർ ഗ്രൂപ്പും മാഫിയയും. സിനിമയിൽ ഇത് അസാധ്യമാണ്. പവർ ഗ്രൂപ്പിൽ ആരൊക്കെയാണെന്നുള്ളത് നിയമപരമായി പുറത്തുവരണമെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
ഡബ്ല്യുസിസി അംഗങ്ങൾക്ക് ചോദ്യപ്പട്ടിക അയച്ചു നൽകിയെന്നും, അമ്മ സംഘടനകളിലെ സ്ത്രീകൾക്ക് മാത്രം ചോദ്യപ്പട്ടിക കമ്മിറ്റി നൽകിയില്ലെന്നും ഫെഫ്കയിലെ വിവിധ സംഘടനകളിലെ ജനറൽ സെക്രട്ടറിമാരെ ഇതിനായി വിളിക്കുകപോലും ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഹേമാ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിർമാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങൾ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു.
ഗ്രൂപ്പ് മീറ്റിംഗിൽ നിന്ന് ഫെഫ്കയെ എന്തുകൊണ്ട് ഒഴിവാക്കി. കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലും ഫെഫ്ക്കയുടെ വനിതാ അംഗങ്ങൾ ഉൾപ്പെട്ടില്ല. ഫെഫ്ക്ക ഡാൻസേഴ്സ് യൂണിയനിലെ 2 വനിതാ അംഗങ്ങളെ കമ്മിറ്റി കേട്ടു. അവർക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായില്ല എന്നാണ് അവർ മൊഴി നൽകിയത് എന്നാൽ കമ്മിറ്റി രേഖപ്പെടുത്തിയത് വസ്തുതകൾ മറച്ചു വെച്ച് മൊഴി നൽകി എന്നാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ഡബ്ല്യുസിസി അംഗങ്ങളെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. സിനിമയിൽ നിന്നും വിലക്കിയെന്ന നടി പാർവതി തിരുവോത്തിന്റെ ആരോപണം തെറ്റാണ്. പല പ്രോജക്ടുകളുമായി സമീപിക്കുമ്പോൾ പല കാരണങ്ങളാൽ സിനിമ ചെയ്യാൻ അവർ തയ്യാറായിട്ടില്ല. തിരക്കഥ അടക്കം ഇഷ്ടമാകാത്തതിനാലാകാം അവ ചെയ്യാതെ പോയെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.