‘ഇവിടുത്തെ ആളുകളും പ്രശ്നങ്ങളും എന്റെകൂടെയാ’ ; നിഗൂഢത നിറച്ച് ‘കിഷ്കിന്ധാ കാണ്ഡം’ ട്രെയ്‌ലർ
ഓണത്തിന് പ്രേക്ഷകരെ കൈയിലെടുക്കാൻ ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കിഷ്കിന്ധാ കാണ്ഡം എത്തുന്നു. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. പുറത്തിറങ്ങി മണിക്കൂറുകൾകൊണ്ടുതന്നെ തീസർ 2 മില്യൺ കടന്നു. ഒരു റിസേർവ് ഫോറെസ്റ്റിന്റെ പശ്ചാത്തലത്തിൽ ത്രില്ലർ സ്വഭാവത്തിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വിജയരാഘവൻ അവതരിപ്പിക്കുന്ന അപ്പു പിള്ള എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാകും സിനിമ സഞ്ചരിക്കുക എന്ന സൂചന നൽകുന്നരീതിയിലാണ് ട്രെയ്‌ലർ പോകുന്നത്.
കൂടാതെ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ഋതു ഫെയിം നിഷാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായ ‘സുധീർ’ എന്ന വേഷത്തിലാണ് താരം എത്തുന്നത്. ‘സുമദത്തൻ’ എന്ന കഥാപാത്രമായ് ജഗദീഷും ‘ശിവദാസൻ’ എന്ന കഥാപാത്രമായ് അശോകനും ചിത്രത്തിൽ എത്തുന്നുണ്ട്.
ഗുഡ്‌വിൽ എന്റർടെയൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച്, ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിഷ്കിന്ധാ കാണ്ഡം’. അപർണ്ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ഇതിൽ ജഗദീഷ്, അശോകൻ, നിഷാൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ഓണം റിലീസായി പുറത്തിറങ്ങുന്ന ചിത്രം സെപ്റ്റംബർ 12 ന് തിയേറ്ററിലെത്തും.
‘വാനര ലോകം’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതിനോടകം പുറത്തുവിട്ടു. ശ്യാം മുരളീധരന്റെ വരികൾക്ക് മുജീബ് മജീദ് സംഗീതം പകർന്ന ഗാനം ജോബ് കുര്യനും ജെ’മൈമയും ചേർന്നാണ് ആലപിച്ചത്. ടിബറ്റൻ വരികളോടെ ആരംഭിക്കുന്ന ആദ്യ മലയാള ഗാനം എന്ന പ്രത്യേകത ഗാനത്തിനുണ്ട്.സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് ഗാനം. തീയറ്ററുകളിലേക്ക് ആളുകളെ എത്തിക്കാൻ ‘വാനര ലോക’ത്തിനാകുമെന്നാണ് പ്രതീക്ഷ.