മോദിയോടും ബിജെപിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായി, ഇത് ഇന്ത്യൻ ജനതയുടെ നേട്ടം: രാഹുൽ ഗാന്ധി


ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും ജനങ്ങള്‍ക്കുള്ള ഭയം ഇല്ലാതായതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിക്ക് ഇത് മനസിലാക്കാനോ സഹിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ മതങ്ങളിലും നിലനില്‍ക്കുന്ന നിര്‍ഭയത്വത്തിന്റെ പ്രതീകമായ അഭയമുദ്രയെ മുന്‍നിര്‍ത്തിയാണ് താൻ ആദ്യത്തെ പാര്‍ലമെന്റ് പ്രസംഗം നടത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ടെക്‌സസിലെ ദല്ലായിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബിജെപിയോടുള്ള ഭയം ഇല്ലാതായി. തിരഞ്ഞെടുപ്പ് ഫലം വന്ന തൊട്ടടുത്ത നിമിഷം തന്നെ ഇന്ത്യന്‍ ജനതയ്ക്ക് ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള ഭയം ഇല്ലാതായത് ഞങ്ങള്‍ കണ്ടു. ഇത് വലിയ നേട്ടമാണ്. രാഹുല്‍ ഗാന്ധിയുടെതോ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ നേട്ടമല്ലയിത്. ജനാധിപത്യം സാക്ഷാത്കരിച്ച ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമാണിത്’; രാഹുല്‍ പറഞ്ഞു.
ആര്‍എസ്എസിന്റെ ആശയത്തില്‍ ഇന്ത്യ എന്നത് ഒറ്റ ആശയമാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യ ആശയങ്ങളുടെ ബഹുസ്വരമാണെന്നും അദ്ദേഹം പറഞ്ഞു. ‘ചരിത്രം, പാരമ്പര്യം, മതം, ഭാഷ, ജാതി എന്നിവയ്ക്ക് അതീതമായി എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കണമെന്നും സ്വപ്‌നം കാണാന്‍ അനുവദിക്കണമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു’; രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ പറയുന്ന ഓരോ വാക്കുകളും ഭരണഘടയിലൂന്നിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഭരണഘടനയ്ക്ക് ഊന്നല്‍ നല്‍കിയെന്നും ഈ ആശയം ജനങ്ങള്‍ക്ക് മനസിലായെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
‘ബിജെപി ഞങ്ങളുടെ പാരമ്പര്യത്തെയും ഭാഷയെയും ചരിത്രത്തെയും അക്രമിക്കുന്നുവെന്ന് ജനങ്ങള്‍ പറഞ്ഞു. ഏറ്റവും പ്രധാനമായി നമ്മുടെ ഭരണഘടനയെ അക്രമിക്കുന്നവര്‍ നമ്മുടെ മത പാരമ്പര്യത്തെയും അക്രമിക്കുന്നതായി അവര്‍ മനസിലാക്കി’; രാഹുല്‍ ഗാന്ധി പറഞ്ഞു.