ജസ്റ്റിന്‍ ട്രൂഡോയെ പ്രതിസന്ധിയിലാക്കി ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി; കാനഡയില്‍ സര്‍ക്കാര്‍ വീഴുമോ?
കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. ജസ്റ്റിന്‍ ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് എന്‍ഡിപി ട്രൂഡോ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ട്രൂഡോയുടെ ന്യൂനപക്ഷ ലിബറല്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിയാണ് ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. കാനഡയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ടത് അടുത്ത വര്‍ഷം ഒക്ടോബര്‍ 25നാണ്. ഇതിനിടെയാണ് ട്രൂഡോ സര്‍ക്കാരിന് മുന്നില്‍ പുതിയ പ്രതിസന്ധി. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നടപടി ട്രൂഡോ സര്‍ക്കാരിനെ എങ്ങനെയാണ് ബാധിക്കുകയെന്ന് ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു.
2022ലാണ് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ നല്‍കുന്നത്. പുരോഗമന ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ സംയുക്തമാക്കി നടപ്പിലാക്കുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചായിരുന്നു പിന്തുണ പ്രഖ്യാപനം. 2025 വരെയാണ് ഉടമ്പടിയുടെ കാലാവധി. എന്നാല്‍ ഉടമ്പടി പാലിക്കാത്ത ട്രൂഡോ സര്‍ക്കാര്‍, ജനങ്ങളെ നിരാശപ്പെടുത്തിയെന്നാണ് എന്‍ഡിപിയുടെ ആരോപണം. ട്രൂഡോ സര്‍ക്കാരിന്റെ നയങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് പറയുന്നതാണ്. ജസ്റ്റിന്‍ ട്രൂഡോ അടക്കം ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് നിലകൊള്ളുന്നവരാണ്. പ്രതിപക്ഷത്തെ നേരിടാന്‍ ട്രൂഡോ സര്‍ക്കാര്‍ ദുര്‍ബലരാണ്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാന്‍ കഴിയാത്തവര്‍ രാജ്യത്ത് എന്ത് മാറ്റം കൊണ്ടുവരുമെന്നും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ജഗ്മീത് സിംഗ് ചോദിക്കുന്നു. സെപ്റ്റംബര്‍ പതിനാറിന് ഒട്ടാവയില്‍ പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കെ, എന്‍ഡിപിയുടെ നടപടി ട്രൂഡോ വിരുദ്ധ ചേരികള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത് പ്രത്യക്ഷത്തില്‍ ട്രൂഡോ സര്‍ക്കാരിനെ ബാധിക്കില്ലെങ്കിലും സര്‍ക്കാര്‍ താഴെ വീഴാന്‍ എന്‍ഡിപി വിചാരിച്ചാലും സാധിക്കുമെന്നതാണ് അവസ്ഥ. 338 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 170 സീറ്റുകളാണ്. ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്കുള്ളത് 154 അംഗങ്ങള്‍. കോണ്‍സര്‍വേറ്റീവ് പാര്‍ട്ടി- 119, ബ്ലോക് ക്വബികോസ് പാര്‍ട്ടി-32, ഗ്രീന്‍- 2, സ്വതന്ത്രര്‍- 4 എന്നിങ്ങനെയാണ് മറ്റ് അംഗങ്ങള്‍. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളത് 24 അംഗങ്ങള്‍. ഇതില്‍ ട്രൂഡോ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നതില്‍ പ്രധാനികള്‍ കോണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ബ്ലോക് ക്വബികോസ് പാര്‍ട്ടിയും എന്‍ഡിപിയുമാണ്. കാനഡയിലെ ആകെ ജനസംഖ്യയിലെ 2.1 ശതമാനം വരുന്ന സിഖ് ജനതയുടെ വോട്ട് ഏകീകരിക്കുന്നതിലും എന്‍ഡിപിക്ക് നിര്‍ണായ പങ്കുണ്ട്. എന്‍ഡിപി സഖ്യം അവസാനിപ്പിച്ചതോടെ തിരഞ്ഞെടുപ്പില്‍ ഇത് ട്രൂഡോയ്ക്ക് തിരിച്ചടിയാകും. കാനഡയിലെ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയായ എന്‍ഡിപിയുടെ ഇപ്പോഴത്തെ നീക്കം നിര്‍ണായകമായി വിലയിരുത്തപ്പെടുമ്പോള്‍ ട്രൂഡോയെ അത് ബാധിച്ചമട്ടില്ല. സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നായിരുന്നു സംഭവത്തോട് ട്രൂഡോയുടെ പ്രതികരണം.