ബസ് മോഷ്ടിച്ച് മുങ്ങുന്നതിനിടെ പോസ്റ്റിലിടിച്ച് അപകടം;വാഹനം ഉപേക്ഷിച്ച് മോഷ്ടാവ് മുങ്ങി
നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ച് കടന്നുകളയുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ടു, വാഹനം ഉപേക്ഷിച്ച് മോഷ്ടാവ് മുങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. ബസുമായി മോഷ്ടാവ് കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ ഇന്ന് പുലർച്ചെ ബൈസൺവാലിക്ക് സമീപം നാല്പതേക്കറിൽ നിന്നും ബസ് കണ്ടെത്തി. ഇടുക്കി മുനിയറയിലാണ് സർവീസ് അവസാനിപ്പിച്ച ശേഷം നിർത്തിയിട്ട സ്വകാര്യ ബസ് മോഷണം പോയത്. അടിമാലി – നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന നക്ഷത്ര എന്ന സ്വകാര്യ ബസാണ് മോഷണം പോയത്.
മോഷ്ടാവ് വാഹനവുമായി കടന്നുകളയുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു. ബൈസൺവാലി നാല്പതേക്കറിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റ് തകർത്ത് മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. ബസിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നതിനാൽ മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടു. ഉടമയുടെ പരാതിയിൽ രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
കുന്നംകുളത്തും സമാനമായ മോഷണം
അതേ ഇന്ന് പുലർച്ചെ തൃശൂരിലും സമാനമായ ബസ് മോഷണം നടന്നു. ഇന്ന് പുലർച്ചെ കുന്നംകുളത്ത് നിന്ന് കാണാതായ സ്വകാര്യ ബസ് ഗുരുവായൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസ് ആണ് ഗുരുവായൂർ മേൽപ്പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്ന് ബസ് മോഷണം പോയത്.