പാരാലിംപിക്‌സ് 2024; ബാഡ്മിന്റണില്‍ വീണ്ടും ചരിത്രം, സുഹാസ് യതിരാജിന് വെള്ളി
പാരാലിംപിക്‌സ് ബാഡ്മിന്റണില്‍ മെഡല്‍നേട്ടം ഉയര്‍ത്തി ഇന്ത്യ. പുരുഷ സിംഗിള്‍സ് എസ്എല്‍ 4 ബാഡ്മിന്റണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളിമെഡല്‍ നേടിയിരിക്കുകയാണ്. ഇതോടെ പാരിസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 12 ആയി. പാരിസ് ഗെയിംസില്‍ ബാഡ്മിന്റണില്‍ മാത്രം ഇന്ത്യയുടെ നാലാം മെഡലാണിത്. നേരത്തെ ബാഡ്മിന്റണില്‍ നിതേഷ് കുമാര്‍ സ്വര്‍ണവും തുളസിമതി മുരുഗേശന്‍ വെള്ളിയും മനീഷ രാമദാസ് വെങ്കലവും നേടിയിരുന്നു.
സ്വര്‍ണമെഡല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യനായ ലൂക്കാസ് മസൂരിനോടാണ് സുഹാസ് അടിയറവ് പറഞ്ഞത്. 9-21, 13-21 എന്ന സ്‌കോറിനായിരുന്നു സുഹാസിന്റെ പരാജയം. വെള്ളിമെഡല്‍ നേടിയതോടെ പാരാലിംപിക്‌സില്‍ ചരിത്രം കുറിക്കാനും സുഹാസിന് സാധിച്ചു. പാരാലിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഷട്ട്‌ലറെന്ന നേട്ടമാണ് സുഹാസിനെ തേടിയെത്തിയത്. 41കാരനായ സുഹാസ് ടോക്കിയോ പാരാലിംപിക്‌സിലും വെള്ളിമെഡല്‍ നേടിയിരുന്നു.
പാരാലിംപിക്‌സ് ബാഡ്മിന്റണില്‍ മെഡല്‍ക്കൊയ്ത്ത് തുടരുകയാണ് ഇന്ത്യ. നേരത്തെ വനിതകളുടെ എസ്‌യു5 ബാഡ്മിന്റണ്‍ ഇനത്തില്‍ ഇന്ത്യയുടെ തുളസിമതി മുരുഗേശന്‍ വെള്ളിമെഡല്‍ നേടിയിരുന്നു. ഇതോടെ പാരാലിംപിക്‌സില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പാരാ ഷട്ടില്‍ താരമായി മാറിയിരിക്കുകയാണ് തുളസിമതി.
സെമി ഫൈനലില്‍ ഇന്ത്യയുടെ തന്നെ മനീഷ രാമദാസിനെ പരാജയപ്പെടുത്തിയാണ് തുളസിമതി മുന്നേറിയത്. വെങ്കലപ്പോരാട്ടത്തില്‍ വിജയിച്ച മനീഷ ഇന്ത്യയുടെ 10-ാം മെഡല്‍ സ്വന്തമാക്കിയിരുന്നു. പാരാലിംപിക്‌സ് ബാഡ്മിന്റണില്‍ വെങ്കലം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഇതോടെ മനീഷയെ തേടിയെത്തി. പുരുഷ സിംഗിള്‍സ് SL3 ബാഡ്മിന്റണ്‍ ഇനത്തില്‍ നിതേഷ് കുമാർ സ്വർണവും നേടിയിരുന്നു. പാരിസ് പാരാംലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡലാണിത്.