ഗ്യാസ് സിലിണ്ടറിന് എക്‌സ്പയറി ഡേറ്റുണ്ടോ?; സുരക്ഷാഭീഷണിയുണ്ടോ: അറിയേണ്ടതെല്ലാം
വീട്ടിൽ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് എക്സ്പയറി ഡേറ്റ് ഉണ്ടോ? എക്സ്പയറി ഡേറ്റ് കഴിഞ്ഞ സിലിണ്ടറാണോ നമ്മൾ ഉപയോഗിക്കുന്നത്?. ചിലർക്കെങ്കിലും തോന്നുന്ന സംശയങ്ങളാണിത്. ചിലപ്പോൾ വാട്സാപ് ഫോർവേഡുകൾ വഴി ഇതുമായി ബന്ധപ്പെട്ട തെറ്റായ സന്ദേശങ്ങൾ ലഭിക്കാറുണ്ട്. എക്സ്പയറി ഡേറ്റ് എന്നത് ഭക്ഷ്യ ഉൽപന്നങ്ങൾ ഉൾപ്പെടെ നശിച്ചുപോകുന്ന ഉൽപന്നങ്ങൾക്കാണ് സാധാരണ പറയാറുള്ളത്. അതുകൊണ്ടുതന്നെ അത്തരമൊരു കാലാവധി പാചകവാതക സിലിണ്ടറുകൾക്കില്ല. എന്നാൽ, ടെസ്റ്റ് ഡ്യൂ ഡേറ്റ് എന്നൊരു കാലാവധി എല്ലാ സിലിണ്ടറുകൾക്കും ഉണ്ട്.
∙ കാലാവധി കഴിഞ്ഞ സിലിണ്ടർ
കോഴിക്കോട് ഗാന്ധി റോഡ് സ്വദേശി സുധീർ ശേഖർ പാലക്കണ്ടി കഴിഞ്ഞ മാസം ഒരു പാചകവാതക സിലിണ്ടർ ബുക്ക് ചെയ്തു. ജൂൺ 4ന് ഗ്യാസ് ഏജൻസിയിൽ നിന്നു നിറച്ച സിലിണ്ടർ ലഭിച്ചു. സിലിണ്ടറിന്റെ മുകളിൽ രേഖപ്പെടുത്തിയിരുന്നത് ബി–21 എന്നാണ്. ഇതു കാലാവധി കഴിഞ്ഞ സിലിണ്ടറാണെന്നു മനസ്സിലാക്കിയ സുധീർ ഗ്യാസ് ഏജൻസിയിൽ പരാതിപ്പെട്ടു. സിലിണ്ടർ പരിശോധനയ്ക്കു വിധേയമാക്കേണ്ട കാലാവധി അവസാനിക്കുമ്പോഴാണ് തനിക്കു വിതരണം ചെയ്തതെന്നായിരുന്നു സുധീറിന്റെ പരാതി. അതായത് 2021 ജൂണിനു മുൻപ് സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കേണ്ട സിലിണ്ടറാണ് അതു ചെയ്യാതെ തനിക്കു വിതരണം ചെയ്തത്.
ഇതു വാസ്തവമാണെന്നു മനസ്സിലാക്കിയ ഗ്യാസ് ഏജൻസി, സിലിണ്ടർ തിരിച്ചെടുത്ത ശേഷം പുതിയതു വിതരണം ചെയ്തു. എല്ലാവർക്കും ടെസ്റ്റ് ഡ്യൂ ഡേറ്റിനെക്കുറിച്ച് അറിയില്ലെന്നും സുരക്ഷയുടെ ഭാഗമായി ഗ്യാസ് സിലിണ്ടർ ലഭിക്കുമ്പോൾ ഈ കാലാവധി പരിശോധിക്കണമെന്നും സുധീർ പറയുന്നു.
∙ എന്താണ് ടെസ്റ്റ് ഡ്യൂ ഡേറ്റ് ?
സിലിണ്ടറുകൾക്ക് എക്സ്പയറി ഡേറ്റ് ഇല്ലെങ്കിലും നിശ്ചിത ഇടവേളകളിൽ ഇവ സുരക്ഷാ പരിശോധനകൾക്കു വിധേയമാക്കേണ്ടതുണ്ട്. ഒരു സിലിണ്ടർ നിർമിച്ച ശേഷം ആദ്യം 10 വർഷം കഴിഞ്ഞും പിന്നീടുള്ള ഓരോ 5 വർഷം കൂടുമ്പോഴുമാണ് പരിശോധനകൾക്കു വിധേയമാക്കേണ്ടത്. അടുത്ത പരിശോധന എന്നു വേണമെന്നു സൂചിപ്പിക്കുന്ന തീയതി എല്ലാ ഗ്യാസ് സിലിണ്ടറുകളുടെയും മുകളിലെ ഹാൻഡിലിന്റെ ഉൾഭാഗത്തു രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഉദാഹരണത്തിന് ‘A 21’ എന്നു രേഖപ്പെത്തിയിരിക്കുന്ന സിലിണ്ടർ 2021 ആദ്യ പാദത്തിൽ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. അതായത് 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ പരിശോധനയ്ക്കു വിധേയമാക്കണം. ഇത്തരം സിലിണ്ടറുകൾ 2021 ജനുവരിക്കു ശേഷം വിതരണം ചെയ്യരുത്.
‘B 21’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന സിലിണ്ടർ 2021 രണ്ടാം പാദത്തിൽ (ഏപ്രിൽ മുതൽ ജൂൺ വരെ) സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കണം. C 21 എന്നു രേഖപ്പെടുത്തിയിരിക്കുന്ന സിലിണ്ടർ 2021 മൂന്നാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ) സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കണം. D 21 എന്നു രേഖപ്പെടുത്തിയിരിക്കുന്ന സിലിണ്ടർ 2021 നാലാം പാദത്തിൽ (ഒക്ടോബർ മുതൽ ഡിസംബർ വരെ) സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കണം.
ടെസ്റ്റ് ഡ്യൂ ഡേറ്റിലുള്ള സിലിണ്ടറുകൾ വിതരണം ചെയ്യുകയാണെങ്കിൽ ഉപഭോക്താക്കൾ സ്വീകരിക്കേണ്ടതില്ല. ഇത്തരം സിലിണ്ടറുകൾ വിതരണക്കാർ മാറ്റി നൽകേണ്ടതുമാണ്. സാധാരണ ഇത്തരം സിലിണ്ടറുകൾ വിതരണം ചെയ്യാറില്ലെന്നും ഏജൻസികൾ പറയുന്നു.
എന്നാൽ, ദീർഘകാലമായി ഗ്യാസ് കണക്‌ഷൻ ഉപയോഗിക്കാത്തവരുടെ കയ്യിൽ ഒരുപക്ഷേ ടെസ്റ്റ് ഡ്യൂ ഡേറ്റ് കഴിഞ്ഞ സിലിണ്ടറുകൾ ഉണ്ടായേക്കാം. ഇവ തിരികെ നൽകുമ്പോൾ ഉടൻ തന്നെ സുരക്ഷാപരിശോധനകൾക്കായി കൈമാറാറുണ്ടെന്നു ഏജൻസികൾ വ്യക്തമാക്കുന്നു. ടെസ്റ്റ് ഡ്യൂ ഡേറ്റ് പിന്നിട്ട സിലിണ്ടറുകൾ മൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയിട്ടുമില്ല.
∙ നശിപ്പിക്കാറുണ്ട് സിലിണ്ടറുകൾ
15 വർഷമാണ് ലിക്വുഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) സിലിണ്ടറുകളുടെ ശരാശരി കാലാവധി. ഉയർന്ന മർദ്ദത്തിൽ വാതകാവസ്ഥയിൽ നിന്നു ദ്രാവകാവസ്ഥയിലേക്കു മാറ്റിയാണ് എൽപിജി സിലിണ്ടറുകളിൽ സൂക്ഷിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി സിലിണ്ടറിന്റെ 80 ശതമാനം മാത്രമേ ദ്രാവകരൂപത്തിലുള്ള എൽപിജി നിറയ്ക്കാറുള്ളൂ. ബാക്കി 20 ശതമാനം വാതകാവസ്ഥയിലായിരിക്കും.
ടെസ്റ്റ് ഡ്യൂ ഡേറ്റുകളിൽ കർശനമായ സുരക്ഷാപരിശോധനകൾക്കായി സിലിണ്ടറുകൾ വിധേയമാക്കാറുണ്ട്. കടുത്ത ചൂട്, ഉയർന്ന മർദ്ദം, ശരിയല്ലാത്ത ഉപയോഗം തുടങ്ങിയവ കാരണം സിലിണ്ടറുകൾക്കു കേട്പാടുകൾ സംഭവിക്കാറുണ്ട്. ലീക്കേജ് ഉണ്ടോ എന്നറിയാൻ വെള്ളം നിറച്ച ശേഷമുള്ള ഹൈഡ്രോ ടെസ്റ്റാണ് ആദ്യം നടത്തുക. സാധാരണ ഗ്യാസ് സൂക്ഷിക്കുന്ന മർദ്ദത്തേക്കാൾ അഞ്ചിരട്ടി മർദ്ദം നൽകിയ ശേഷവും പരിശോധന നടത്തും.
സുരക്ഷാപരിശോധനകളുടെ സമയത്ത് ഇത്തരം കേടുപാടുകളുള്ള നശിപ്പിച്ചു കളയും. പരിശോധനകളിൽ വിജയിക്കുന്നവ പെയിന്റ് ചെയ്ത് പുതിയ തീയതി രേഖപ്പെടുത്തി വീണ്ടും വിപണിയിലിറക്കും.