നിശ്ചയിച്ചത് അരക്കോടി, കൊടുത്തത് ഒരു കോടി
വയനാടിനെ ചേര്‍ത്ത് പിടിച്ച് ഇടുക്കി സി.പി.ഐ.എം
പരിധിക്കപ്പുറവും നല്‍കി വയനാടിനൊപ്പം ചേര്‍ന്ന് സിപിഐ എം ഇടുക്കി ജില്ലാ കമ്മറ്റി. വിവിധ തലത്തിലുള്ള ധനസമാഹരണങ്ങള്‍ ഏകോപിപ്പിച്ച് അരക്കോടി രൂപ ജില്ലയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം ഉണ്ടായിരുന്നത്. എന്നാല്‍ നിശ്ചിയിച്ച് ഉറപ്പിച്ചതിലും അപ്പുറത്തേക്ക് പാര്‍ടി അംഗങ്ങളുടെ കൈത്താങ്ങ് ഒഴുകിയെത്തി. ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഒരു രൂപ പോലും പുറത്തു നിന്നും സംഭാവന പിരിക്കാതെ പാര്‍ടി തലങ്ങളില്‍ നിന്നും മാത്രമാണ് ഒരു കോടി രൂപ കണ്ടെത്തിയത്. ജില്ലാ കമ്മറ്റിയംഗങ്ങള്‍ മുതല്‍ ബ്രാഞ്ച് തലം വരെയുള്ള കമ്മറ്റിയംഗങ്ങളും പാര്‍ടി മെമ്പര്‍മാരും ഏരിയ കമ്മറ്റികള്‍, ലോക്കല്‍ കമ്മറ്റികള്‍, വര്‍ഗ്ഗ ബഹുജന സംഘടനകള്‍, സര്‍വ്വീസ് സംഘടനകള്‍, ജനപ്രതിനിധികളുടെ ഒരു മാസത്തെ ഹോണറേറിയം, സഹകരണ സംഘം ഭരണ സമിതിയംഗങ്ങളുടെ സിറ്റിംഗ് ഫീസുകള്‍ തുടങ്ങി ചെറിയ തുകകള്‍ പോലും ചേര്‍ത്ത് വെച്ചാണ് വയനാട് നേരിട്ട അതിദാരുണമായ പ്രകൃതി ദുരന്തത്തെ നേരിടാന്‍ പുനരധിവാസ പ്രക്രീയയില്‍ പങ്കാളിയാകാനും പുരോഗമന പ്രസ്ഥാനത്തിന് കഴിഞ്ഞതെന്ന് ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.