വൃത്തത്തില്‍ നിന്ന് കവിതയെ അഴിച്ചെടുത്ത് കാര്‍ട്ടൂണ്‍ പോലെ ലളിത മനോഹരമാക്കിയ കവി; ഓര്‍മകളില്‍ അയ്യപ്പപ്പണിക്കര്‍


പ്രശസ്തകവിയും അധ്യാപകനും നിരൂപകനുമായ ഡോ.കെ അയ്യപ്പപ്പണിക്കര്‍ ഓര്‍മയായിട്ട് 18 വര്‍ഷം. മലയാള കവിതയെ ഉത്തരാധുനികതയിലേക്ക് കൈപിടിച്ചു നടത്തിയ കവി കൂടിയാണ് അയ്യപ്പണിക്കര്‍. വിമര്‍ശനവും ആക്ഷേപഹാസ്യവും ആ കവിതകളുടെ മുഖമുദ്രയാണ്.
കലുഷിതമായ കാലത്തിന്റെ സംഘര്‍ഷങ്ങള്‍ കവിതയ്ക്ക് വിഷയമാക്കിയ കവിയാണ് അയ്യപ്പപണിക്കര്‍. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ എന്നു തുടങ്ങുന്ന മോഷണം കവിത ആക്ഷേപഹാസ്യത്തിലൂടെ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
കുരുക്ഷേത്രം എന്ന കവിതയിലൂടെ മലയാളകവിതയില്‍ ആധുനികതക്ക് തുടക്കമിട്ടു. കാലത്തോടൊപ്പം നടന്നതിനൊപ്പം മലയാള കവിതയെ ഭാവിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്തു അയ്യപ്പപ്പണിക്കര്‍. വൃത്തനിബദ്ധമായ കവിതകളില്‍ നിന്ന് പരീക്ഷണങ്ങളിലൂടെ ഗദ്യകവിതകളിലേക്കും കാര്‍ട്ടൂണ്‍ കവിതകളിലേക്കും കടന്ന പ്രതിഭയാണ് അദ്ദേഹം.
കുട്ടനാട്ടുകാരനായ ഡോ. അയ്യപ്പപ്പണിക്കര്‍ കേരളത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് അധ്യാപകരിലൊരാളും സാഹിത്യ സൈദ്ധാന്തികനും കൂടിയായിരുന്നു . ഭാഷയിലും സാഹിത്യത്തിലും നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി രാജ്യം പത്മശ്രീപുരസ്‌കാരം നല്‍കി ആദരിച്ചു.