ഏലമലകൾ വനഭൂമിയാക്കാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കണം
2,10,677 ഏക്കർ ഏലമലകൾ വനമാണെന്ന വനം വകുപ്പ് നിലപാട് ആശങ്കാജനകമാണ്. വനംവകുപ്പിന്റെ മൂന്നാർ കോട്ടയം ഡിവിഷനുകളുടെ പരിധിയിലുള്ള ഇടുക്കി ജില്ലയിലെ 2,10, 677 ഏക്കർ ഏലമലകൾ വനത്തിന്റെ പട്ടികയിൽ ആണെന്ന് വനമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചത്.വിവിധ ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമിയും
സി എച്ച് ആർ റിസർവ് വനമായാണ് വനം വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉടുമ്പൻചോല താലൂക്ക് മുഴുവൻ സി എച്ച് ആർ റിസർവ് വനം ആണെന്നാണ് വനം വകുപ്പിന്റെ രേഖകളിൽ ഉള്ളത്.സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് പട്ടയം നൽകിയതോ പട്ടയ നടപടികൾ തുടരുന്നതോ ആയ കൃഷിഭൂമിയും ഇതിൽ ഉൾപ്പെടുന്നു.
2008ലാണ് പരിസ്ഥിതി സംഘടന നൽകിയ ഹർജിയുമായി ബന്ധപ്പെട്ട ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ ഉൾപ്പെടെ 28588.159 ഹെക്ടർ ഭൂമിക്ക് 1993 ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ടപ്രകാരം പട്ടയം നൽകാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. ഇതനുസരിച്ച് ഒട്ടേറെ കർഷകർക്ക് പട്ടയം ലഭിച്ചു. ചില കർഷകരുടെ അപേക്ഷകളിൽ പട്ടയ നടപടികൾ തുടരുകയുമാണ്.
1993ലെ ചട്ടപ്രകാരവും മറ്റു ഭൂപതിപ് ചട്ടങ്ങൾ പ്രകാരവും ഉടുമ്പൻചോല താലൂക്കിൽ പട്ടയം അനുവദിച്ച കൃഷിഭൂമി എല്ലാം വനം വകുപ്പിന്റെ കണക്കിൽ റിസർവ് വനത്തിന്റെ പട്ടികയിൽ ഉള്ള ഭൂമിയാണ് എന്നാണ് വാദം . വിവിധ ചട്ടങ്ങൾ പ്രകാരം പട്ടയം നൽകിയ ഭൂമി പോലും ഒഴിവാക്കാൻ സർക്കാരുകൾ നടപടി സ്വീകരിച്ചില്ല എന്നതാണ് സത്യം.ഇതുകൂടാതെ 1951 ഏപ്രിൽ 25ന് 86400 ഹെക്ടർ സി എച്ച്ആർ ഭൂമി വനേതരാവശ്യങ്ങൾക്ക് വിട്ടുകൊടുത്തുകൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു . എന്നാൽ നിലവിലെ വനം വകുപ്പിന്റെ കണക്കനുസരിച്ച് ഈ ഭൂമിയെല്ലാം സി എച്ച് ആർ റിസർവ് വനമാണ്.
ഇടുക്കി ജില്ലയിലെ ഇ എസ് എ വില്ലേജുകളുടെ പുതുക്കിയ പട്ടികയിൽ ഹൈറേഞ്ചിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഉൾപ്പെടുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇത് ഹൈറേഞ്ചിലെ മനുഷ്യവാസത്തെ പ്രതികൂലമായി ബാധിക്കും. നിർമ്മാണങ്ങളെല്ലാം സമ്പൂർണ്ണമായി നിശ്ചലമാകുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിച്ചേരുകയും ചെയ്യും.
1963 മുതൽ ആളുകൾ കൃഷി ചെയ്ത് ഉപയോഗിക്കുന്നതും പട്ടയം ഉള്ളതുമായ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കല്യാണത്തണ്ട് മേഖലയിലുള്ള 45 കുടുംബങ്ങളുടെ സ്ഥലം പുല്ലുമേടായി കണ്ട് റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ചതും പ്രതിഷേധാർഹമാണ്. നാൾക്കുനാൾ ഇടുക്കി ജില്ലയിലെ കൂടുതൽ സങ്കീർണ്ണമാക്കി ആളുകൾക്ക് ജീവിതം ദുസഹമാക്കുന്ന ഭരണകൂട നീക്കങ്ങൾ ചെറുത്തുതോൽപ്പിക്കേണ്ടതാണ്.
ഫാ. ജിൻസ് കാരയ്ക്കാട്ട്
ഡയറക്ടർ, മീഡിയാ കമ്മീഷൻ
ഇടുക്കി രൂപത