“ആദ്യത്തെ ക്യാമറ സമ്മാനിച്ചത് അമ്മ, അപ്രതീക്ഷിതമായ അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടു”; ഇന്ന് സ്വപ്നയാത്രയിൽ പ്രകാശിച്ച് വിവേക്!
നമുക്ക് ചുറ്റും ആഘോഷിക്കപ്പെടേണ്ട ചിലരുണ്ട്, ജീവിതത്തിലെ തിരിച്ചുവരവിലൂടെ മുൻവിധികളെ തിരുത്തുന്നവർ. ഇന്ന് ഈ ഫോട്ടോഗ്രാഫി ദിനത്തിൽ നമ്മൾ ആഘോഷിക്കുന്നത് അങ്ങനെയൊരു പേരാണ്. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി തന്റെ കാമറ കണ്ണുകളിലൂടെ, കലയുടെ മഹത്വം തെളിയിച്ച ഫോട്ടോഗ്രാഫർ വിവേക് ആർ നായർ. ലോകത്തെ പിടിച്ചുകെട്ടുന്ന ചിത്രങ്ങൾ അദ്ദേഹം ഇതിനോടകം തന്റെ ക്യാമറയിലൂടെ പകർത്തിയിട്ടുണ്ട്. അപ്രതീക്ഷിതമായ ഒരു അപകടത്തിൽ കാല് നഷ്ടമായെങ്കിലും, ജീവിതത്തെ മാറ്റിമറിക്കുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടും, ഫോട്ടോഗ്രഫിയോടുള്ള തന്റെ ഇഷ്ടവും പ്രതിബദ്ധതയും കൈവിടാതെ വിവേക് തന്റെ വഴിയിൽ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. ആളുകൾ, വൈകാരിക നിമിഷങ്ങൾ, മാനുഷിക ബന്ധം എന്നിവ അടയാളപ്പെടുത്തുന്ന ആഴത്തിലുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ അസാധാരണമായ കരിയറിന്റെ ഒരു സാക്ഷ്യമാണ്. ഇന്ന്, വിവേകിനെ ഞങ്ങൾ ആദരിക്കുന്നത് അദ്ദേഹത്തിൻ്റെ കലാപരമായ നേട്ടങ്ങൾക്ക് മാത്രമല്ല, പ്രതിസന്ധികൾ വകവെക്കാതെ അദ്ദേഹം നടത്തിയ പ്രചോദനാത്മകമായ ദൃഢനിശ്ചയത്തിനുവേണ്ടിയാണ്.
ഫോട്ടോഗ്രഫിയിലേക്കുള്ള വരവ്!
ചെറുപ്പത്തിലേ പടം വരക്കാൻ ഏറെ ഇഷ്ടമായിരുന്നു. ആ ഇഷ്ടം വരയ്ക്കുന്ന ആളുകളോടും ഉണ്ടായിരുന്നു. അങ്ങനെ ചിത്രങ്ങൾ വരയ്ക്കാൻ ഒരുപാട് ശ്രമങ്ങൾ നടത്തി. പക്ഷെ അതൊന്നു നന്നായി വന്നില്ല. പക്ഷെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. വരക്കാൻ പറ്റാത്തവ പകർത്തിയെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. ആ തീരുമാനം ഒരു ഫോട്ടോഗ്രാഫറിന്റെ ജനനത്തിലേക്ക് വഴിതുറക്കുകയാണെന്ന് ഒരുപക്ഷെ അന്ന് അദ്ദേഹം ഓർത്തുകാണില്ല. പ്രീഡിഗ്രി കഴിഞ്ഞിരിക്കുമ്പോഴാണ് വിവേക് ഫോട്ടോഗ്രാഫിയിൽ ഒരു കോഴ്സ് ചെയ്യുന്നത്. മൂന്ന് മാസം ദൈർഘ്യമുള്ള കേരള യൂണിവേഴ്സിറ്റിയുടെ ഒരു സർട്ടിഫിക്കറ്റ് കോഴ്‌സായിരുന്നു അത്. അതിലൂടെയാണ് ഫോട്ടോഗ്രഫിയിലേക്കുള്ള കടന്നുവരവ്. ഈ സമയം ജീവിതത്തിൽ ഏറെ വഴിത്തിരിവുണ്ടാക്കി. അവിടെ നിന്ന് പരിചയപ്പെട്ട അധ്യാപകനായ ജീൻ നെറ്റാർ ആണ് ഈ ഫീൽഡിലെ അനന്ത സാദ്ധ്യതകളെ കുറിച്ച് മനസിലാക്കി കൊടുത്തത്. പക്ഷെ ഇതിനിടക്ക് പ്രീഡിഗ്രി റിസൾട്ട് വന്നു. 2 വിഷയത്തിൽ തോറ്റത് ആകെ പ്രശ്നമായി. വീട്ടിലും ചോദ്യങ്ങൾ ഉയർന്നു. അത് ഇനി എന്തു ചെയ്യണമെന്ന പ്രതിസന്ധി ഉണ്ടാക്കി.
ഒടുവിൽ അച്ഛനോടാണ് വിവേക് ഫോട്ടോഗ്രാഫിയിൽ ഉള്ള തന്റെ ഇഷ്ടത്തെ കുറിച്ചും അത് പഠിക്കാൻ താത്പര്യമുണ്ടെന്നും തുറന്നു പറഞ്ഞത്. വീട്ടിൽ നിന്നും കാര്യമായ എതിർപ്പൊന്നും ഉണ്ടായില്ല. എന്താണോ ഇഷ്ടം അതിൽ തിളങ്ങി നിൽക്കണമെന്നായിരുന്നു അച്ഛൻ നൽകിയ ഉപദേശം. അങ്ങനെ അച്ഛനാണ് അച്ഛന്റെ സുഹൃത്തിന്റെ കളർ ലാബായ അപ്പോളോ സ്റ്റുഡിയോസിലേക്ക് പറഞ്ഞയക്കുന്നത്. അന്നത്തെ കാലത്ത് ഒരുപാട് അഡ്വാൻസ്ഡായ ടെക്നോളോജിയും ആളുകളെയും അവിടെ വെച്ച് പരിചയപ്പെടാൻ സാധിച്ചു. കരിയറിലെ പ്രധാനപ്പെട്ട വഴിത്തിരിവുകൾ സംഭവിക്കുന്നതും ഇവിടെ വെച്ചാണ്. അവിടെയാണ് തന്റെ തുടക്കമെന്നും വിവേക് പറയുന്നു. അവിടെ നിന്ന് കളർ പ്രോസസ്സിങ്ങിനെ കുറിച്ച് കൃത്യമായ ധാരണ കിട്ടി.
കൂടുതൽ സാധ്യതകളിലേക്ക് പോകണമെങ്കിൽ ഡിഗ്രി വേണമെന്ന് മനസിലായി. അങ്ങനെ ജോലിയ്‌ക്കൊപ്പം പ്രീഡിഗ്രി എഴുതിയെടുക്കാൻ തീരുമാനിച്ചു. വൈകുന്നേരം ട്യൂഷൻ ക്‌ളാസുകളിൽ പോയി. അപ്പോളോയിൽ നിന്നും എല്ലാവിധ സഹകരണവും ലഭിച്ചു. വീട്ടിൽ അറിയിക്കാതെ ആയിരുന്നു പഠിച്ചത്. പഠിക്കുന്ന സമയത്ത് അവിടെ നിന്ന് ജോലികളിലും ഇളവ് ലഭിച്ചു. പ്ലസ്ടു നല്ല മാർക്കോടെ പാസ്സായി. പിന്നീട് ഡിഗ്രി പഠിക്കാൻ തീരുമാനിച്ചു. എന്നാൽ ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം നഷ്ടപ്പെടുത്താൻ വിവേക് തയ്യാറായിരുന്നില്ല. ഫോട്ടോഗ്രഫിയെ ബാധിക്കാത്ത കോഴ്സ് എടുക്കാൻ തീരുമാനിച്ചു. അങ്ങനെ എംജി കോളേജിൽ സോഷ്യോളജിക്ക് ചേർന്നു. അതോടൊപ്പം തന്നെ ജോലിയും ചെയ്തു. ആദ്യത്തെ വർക്ക് ചെയ്തത് സുഹൃത്തിന്റെ ക്യാമറ ഉപയോഗിച്ചായിരുന്നു. വിവാഹ, ബെർത്ത്ഡേ ഫങ്ക്ഷനുകളും മറ്റുമായിരുന്നു ചെയ്തത്. അത്ര താത്പര്യമില്ലെങ്കിലും സമ്പാദ്യത്തിനു വേണ്ടിയാണ് അത് ചെയ്തത്. അങ്ങനെ ജോലിയിൽ മുഴുകി ജീവിതം നീങ്ങവേ സ്റ്റുഡിയോയിൽ വെച്ചാണ് കെ വി രവി ശങ്കർ എന്നയാളെ പരിചയപെടുന്നത്.
സൗഹൃദം, തൊഴിൽ, നേട്ടങ്ങൾ!
ആ മേഖലയിൽ പരിചയപ്പെട്ട ബാക്കിയുള്ളവരിൽ നിന്ന് അദ്ദേഹം ഭയങ്കര വ്യത്യസ്തനായി തോന്നി. അന്ന് എല്ലാവരും പത്ര ഫോട്ടോഗ്രാഫേഴ്‌സും സിനിമ ഫീൽഡിൽ പ്രവർത്തിക്കുന്നവരുമായിരുന്നു. എന്നാൽ അദ്ദേഹം ടൂറിസം സംബന്ധമായിട്ടുള്ള ഫോട്ടോസും പ്രസിദ്ധരായ ആളുകളുടെ പ്രൊഫൈലും നേച്ചർ റിലേറ്റഡ് ഫോട്ടോസുമായിരുന്നു പകർത്തിയിരുന്നത്. ഒപ്പം അദ്ദേഹത്തിന് ‘ടൂറിസം ഇന്ത്യ’ എന്ന പേരിൽ ഒരു മാഗസിനും ഉണ്ട്. അത് വിവേകിനെ ഏറെ ആകർഷിക്കുകയും ഒപ്പം അദ്ദേഹത്തിന്റെ വർക്കുകളോട് ഇഷ്ടവും തോന്നിപ്പിച്ചു. അദ്ദേഹത്തിന്റെ വിഷ്വൽസിന് അതിഭീകര ക്വാളിറ്റി ഉണ്ട്. അത് വിവേകിനെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ ആഗ്രഹം ഉണ്ടാക്കി. അങ്ങനെയാണ് അദ്ദേഹത്തിനോടൊപ്പം മാഗസിനിൽ അസ്സോസിയേറ്റ് ചെയ്തോട്ടെ എന്ന് ചോദിക്കുന്നത്? എന്നാൽ അദ്ദേഹത്തിന്റെ മറുപടി ഡിഗ്രി പൂർത്തിയാക്കാനായിരുന്നു.
ഡിഗ്രി കഴിഞ്ഞതോടെ നേരെ ടൂറിസം ഇന്ത്യയിൽ കെ.വി രവിശങ്കറിനൊപ്പം ജോയിൻ ചെയ്തു. എല്ലാ മീഡിയയ്ക്കും വേണ്ടി കേരളത്തിൽ നിന്ന് ഫ്രീലാൻസ് ചെയ്യുന്ന ഫോട്ടോഗ്രാഫർ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിനൊപ്പം ജോയിൻ ചെയ്തതോടെ ഇന്ത്യ ടുഡേ, ബിബിസി തുടങ്ങിയ നാഷണൽ മീഡിയയ്ക്ക് വേണ്ടി വർക്ക് ചെയ്യാനുള്ള അവസരങ്ങളും ലഭിച്ചു.
തൃശൂർ പൂരം, കഥകളി, വള്ളം കളി തുടങ്ങി ഇന്ത്യയ്ക്ക് ടുഡേയ്ക്ക് വേണ്ടി പല അസൈന്മെന്റും ടുറിസം ഇന്ത്യയ്ക്ക് ലഭിച്ചു. അവിടെ വെച്ചാണ് കാലിഗ്രഫിയിൽ പ്രസിദ്ധനായ നാരായണൻ ഭട്ടതിരിയെ പരിചയപെടുന്നുന്നത്. അദ്ദേഹമായിരുന്നു മാഗസിൻ ഡിസൈൻ ചെയ്തിരുന്നത്. മാഗസിനിലേക്ക് ആവശ്യമായ സ്റ്റാൻഡ് അലോൺ ചിത്രങ്ങൾ എടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം ചിത്രങ്ങൾക്ക് നല്ല ഡിസ്‌പ്ലേയും തന്നു. അങ്ങനെ ഒരുപാട് അവസരങ്ങൾ അദ്ദേഹത്തിൽ നിന്നും ലഭിച്ചു. ഇതെല്ലാം കരിയറിലെ വഴിത്തിരിവായി.
ജീവിതം തകിടം മറിച്ച അപകടം!
ആ സമയത്ത് തിരുവനന്തപുരം ലയോള കോളേജിൽ Cleveland State University യിൽ നിന്ന് ഒരു ഫോറിൻ ഗ്രൂപ്പ് ഒരു മാസത്തെ ഫീൽഡ് വിസിറ്റായി വരുമായിരുന്നു. അവർക്കൊപ്പവും രണ്ട് മൂന്ന് വര്ഷം അസ്സോസിയേറ്റ് ചെയ്തു. അങ്ങനെ 2004 ലാണ് ഫ്ലോറിഡയിലെ ക്രൂയിസ് ലൈനിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചത്. മുംബൈയിൽ ആയിരുന്നു ഇന്റർവ്യൂ. എല്ലാം പാസായി ഡിസംബറിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യാനിരിക്കെയാണ് നവംബറിൽ ഒരു മേജർ ആക്സിഡന്റ് നടക്കുന്നത്. ഒരു അസ്സൈന്മെന്റ് കഴിഞ്ഞു വരുന്ന സമയത്ത് ബസ് ഇടിക്കുകയായിരുന്നു. മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞു. ഒടുവിൽ 2008 ൽ കാൽ മുറിക്കേണ്ടി വന്നു. അതോടെ ഏറ്റവും കൂടുതൽ ആശിച്ച് നേടിയ ജോലിയും നഷ്ടമായി. പക്ഷെ ഇതുകൊണ്ടൊന്നും തളരാൻ വിവേക് തയ്യാറായിരുന്നില്ല. വിവേകിനെ ചികിൽസിച്ച ഡോക്ടറും ഏറെ പിന്തുണ നൽകി. ചികിത്സ കഴിഞ്ഞതോടെ സാമ്പത്തികമായും തകർന്നു. പ്രതിസന്ധികൾ ഓരോന്നോരോന്നായി പിന്തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ വിവേക് തിരിച്ചുവരാൻ തീരുമാനിച്ചു. തനിക്ക് പരിചയമുളളവരെ ഓരോരുത്തരായിട്ട് വിളിച്ചു. പലർക്കും വിവേകിന്റെ ഫോൺ കോൾ സന്തോഷം നൽകി.
കെ വി രവിശങ്കരും ആ സമയത്ത് ഏറെ പിന്തുണ നൽകി. അദ്ദേഹത്തിന്റെ മാഗസിനൊപ്പം മാതൃഭൂമിയുടെ ഗൃഹലക്ഷ്മി, ഔട്ട്ലുക്ക് തുടങ്ങിയവയ്ക്ക് വേണ്ടി വീണ്ടും വർക്ക് ചെയ്തു. അവിടെ വിവേക് ജീവിതത്തിന് രണ്ടാമതും തുടക്കം കുറിച്ചു.
മാതൃഭൂമി, ഔട്ട്ലുക്ക്, ഫോർബ്‌സ്, ഹിന്ദുസ്ഥാൻ ടൈംസ് , ഇന്ത്യ ടുഡേ, ബെറ്റർ ഇന്റീരിയർ തുടങ്ങിയവയ്ക്ക് വേണ്ടിയും വർക്ക് ചെയ്തിട്ടുണ്ട്. ഒപ്പം ഒരു ഡച്ച് മാഗസിന് വേണ്ടിയും പ്രവർത്തിച്ചു. ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഗെറ്റി ഇമേജസിന് വേണ്ടി വർക്ക് ചെയ്യുക എന്നുള്ളത്. ഇന്ന് എന്റെ പല ചിത്രങ്ങളും ഗെറ്റി ഇമേജസിൽ ഉണ്ട് എന്നതും ഏറെ സന്തോഷം നൽകുന്നു എന്നും വിവേക് പറയുന്നു. നാഷണൽ ജിയോഗ്രാഫിയിലും വിവേകിന്റെ ഫോട്ടോകൾ വന്നിട്ടുണ്ട്. ഇപ്പോൾ സൊമാറ്റോയ്ക്ക് ഒപ്പം അസ്സോസ്സിയേറ്റ് ചെയ്യുകയാണ് വിവേക്.
പലപ്പോഴും ജോലി ചെയുന്ന സമയം പോലും ഞാൻ അറിയാറില്ല. ഒരുപക്ഷെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ജോലി ചെയ്യുന്നതുകൊണ്ടാകാം അത്. അത്രയും ഇഷ്ടപെട്ടാണ് ഞാൻ ഓരോ വർക്കും ചെയ്യുന്നത്. പ്രൊഡക്റ്റ് ഷൂട്ട്, ആർക്കിടെക്ച്ചറൽ ഷൂട്ട്, പ്രൊഫൈൽ ഷൂട്ട് ഈ മൂന്ന് മേഖലയാണ് ഏറെ ഇഷ്ടം. അമ്മയാണ് എനിക്ക് ആദ്യമായി കാമറ വാങ്ങിച്ചുതന്നത്. വീട്ടിൽ എല്ലാവരും വിവേകിന് പിന്തുണ നൽകി ഒപ്പം നിന്നു.
ഇന്ന് മാർക്കറ്റിൽ വർഷം തോറും അഡ്വാൻസ്ഡ് ആയ നിരവധി പ്രൊഡക്ട്സ് ഇറങ്ങാറുണ്ട്. ഇതെല്ലാം അപ്‌ഡേറ്റ് ചെയ്യുക എന്നത് സാധ്യമായ കാര്യമല്ല. നമുക്ക് ആവശ്യമാണെങ്കിൽ നമ്മുടെ കയ്യിലുള്ള കാമറ അപ്‌ഡേറ്റ് ചെയ്യണം. പക്ഷെ അത് ഇല്ലാത്തതുകൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് കരുതരുത്. കാമറ അപ്ഡേറ്റ് ചെയ്തതുകൊണ്ട് മാത്രം നല്ല വർക്ക് ഉണ്ടാവണമെന്നില്ല. അതിന് നമ്മുടെ വിഷ്വൽ സെൻസ് ഡെവലപ്പ് ചെയ്യണം. ഒപ്പം നമ്മുടെ സ്കില്ലും. പകരം എന്റെ കയ്യിൽ ഈ കാമറ ഇല്ലല്ലോ എന്ന് ചിന്തിക്കരുത്. നന്നായി ഹോം വർക്ക് ചെയ്യണം. സേഫ് സോണിൽ നിൽക്കുന്തോറും നമ്മൾ റിസ്ക് എടുക്കുന്നത് കുറയും എന്നാണ് വിവേകിന്റെ കാഴ്ചപ്പാട്.
രാമചന്ദ്രൻ നായരുടെയും രാജേശ്വരി അമ്മയുടെയും മകനാണ് വിവേക്. ഭാര്യ സൽമയും മകൻ വിനയകുമാണ് വിവേകിന്റെ ശക്തി. സ്റ്റീവ് മക്കറിയുടെ കടുത്ത ആരാധകൻ കൂടിയാണ് അദ്ദേഹം. ചെറിയ പ്രതിസന്ധികളിൽ ജീവിതത്തതിൽ തകർന്നുപോകുന്ന ഒരുപാട് പേർക്ക് പ്രചോദനമാകാൻ അദ്ദേഹത്തിന് സാധിച്ചു.