ജില്ലയിലെ തദ്ദേശ അദാലത്ത് ആഗസ്റ്റ് 30 ന് :സംഘാടകസമിതി യോഗം ചേർന്നു
പരാതികൾ http://adalat.Isgkerala.gov.in എന്ന വെബ് സൈറ്റിൽ ആഗസ്റ്റ് 25-നകം അപ്‌ലോഡ് ചെയ്യണം
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് ആഗസ്റ്റ് 30 ന് ചെറുതോണി ടൗൺ ഹാളിൽ നടക്കും. ഇതിനായുള്ള ജില്ലാതല സംഘാടക സമിതി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, എംഎൽഎമാരായ എം എം മണി, എ രാജ, ജില്ലാ കളക്ടർ വി വിഗ്നേശ്വരി , ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം നൂറുദിന പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയിട്ടും നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭിക്കാത്ത പരാതികൾ, ബിൽഡിംഗ് പെർമിറ്റ് കംപ്ലീഷൻ, ക്രമവൽക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ,പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം, പൊതുസൗകര്യങ്ങൾ, ആസ്തി മാനേജെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവ അദാലത്തിൽ പരിഗണിക്കും.പരാതികൾ adalat.Isgkerala.gov.in എന്ന വെബ് സൈറ്റിൽ ഓഗസ്റ്റ് 25-നകം അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ചിത്രം : ജില്ലയിൽ സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്തുമായി ബന്ധപ്പെട്ട് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന സംഘാടക സമിതി യോഗം .