വനിതാ പോലീസ് ഉദ്യോഗസ്ഥയെ അടിച്ച് വീഴ്ത്തിയതിൽ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു
വിഐപി ഡ്യൂട്ടി ചെയ്ത് കൊണ്ടിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ അടിച്ച് വീഴ്ത്തിയതിൽ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. മുട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സിനാജിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപ് സസ്പെൻഡ് ചെയ്തത്. തൊടുപുഴ ഡിവൈഎസ്സി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാൻഡിൽ ഗോവ ഗവർണർ പി.എസ്. ശ്രീധർ പിള്ള തൊടുപുഴയിൽ എത്തിയതിന്റെ ഭാഗമായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ. ഈ സമയം അവിടേക്കെത്തിയ സിനാജ് അക്രമണം നടത്തുകയായിരുന്നു. അടിയേറ്റ് വീണ വനിതാ ഓഫീസറെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷപെടുത്തിയത്. അപ്പോഴേക്കും സിനാജ് സ്ഥലത്ത് നിന്ന് പോകുകയും ചെയ്തു. ഒപ്പം ജോലി ചെയ്ത മറ്റ് സഹപ്രവർത്തകർ ഉടൻ തന്നെ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു.
എന്നാൽ വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി നൽകാത്തതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഇതിനടുത്ത ദിവസങ്ങളിൽ ഇരുവരും ഡ്യൂട്ടിയിൽ ഹാജരാകുകയും ചെയ്തു. ഇതെക്കുറിച്ച് വിവിധ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സംഭവസ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചും ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി, യൂണീഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥക്ക് മർദ്ദനമേറ്റ് രണ്ട് ദിവസമായിട്ടും നടപടി ഉണ്ടാകാത്തതിൽ സേനാംഗങ്ങൾക്കിടയിൽ വലിയ അമർഷം ഉയരുകയും ചെയ്തിരുന്നു. നിരവധിയാളുകൾ നോക്കി നിൽക്കേ സേനയുടെ അന്തസിന് കളങ്കം ഉണ്ടായ സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. സർവീസിൽ നിന്ന് നീക്കം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾക്ക് വരെ കാരണമാകുന്ന കുറ്റകൃത്യമാണ് സിവിൽ പോലീസ് ഓഫീസറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.