ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തിരിച്ചടിയായി;നഷ്ടത്തിൽ ഓഹരിവിപണി,അദാനി ഗ്രൂപ്പ് ഓഹരി മൂല്യത്തില്‍ ഇടിവ്
സെബി മേധാവിക്കെതിരായ വെളിപ്പെടുത്തലുമായി ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നഷ്ടം നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. സെന്‍സെക്സിലും നിഫിറ്റിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യത്തില്‍ ഏഴ് ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. സെന്‍സെക്സില്‍ 400 പോയന്‍റ് നഷ്ടമാണ് ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ രേഖപ്പെടുത്തിയത്. നിഫ്റ്റി ഇടിഞ്ഞ് 24300 പോയന്‍റിന് താഴെയെത്തിയിരുന്നു.
സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും ഭർത്താവിനും അദാനിയുടെ ഉടമസ്ഥതയിലുള്ള ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഹിൻഡൻബർഗ് റിപ്പോർട്ടിലുള്ളത്. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു എന്ന വിവരം കഴിഞ്ഞ വർഷം പുറത്തുവിട്ടതും ഹിൻഡൻബർഗ് തന്നെയായിരുന്നു. ഈ ഷെൽ കമ്പനികളിലാണ് സെബി മേധാവിക്കും ഭർത്താവിനും നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിക്കുന്നത്.
ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് രംഗത്തെത്തിയിരുന്നു. തന്റെയും ഭർത്താവിന്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണെന്നും ഏത് ഏജൻസിക്കും ഇത് സംബന്ധിച്ച രേഖകൾ നൽകാൻ തയ്യാറാണെന്നുമാണ് മാധബി ബുച്ച് പ്രതികരിച്ചത്. അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയാണ് ഹിൻഡൻബർഗിന്റെ പുതിയ ആരോപണം പുറത്തുവന്നത്.
സെബി ചെയർപേഴ്സണും അദാനി ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് സെബിയും തള്ളി. അദാനിക്കെതിരായ അന്വേഷങ്ങൾ വൈകിയിട്ടില്ലെന്നും 24 അന്വേഷണങ്ങളിൽ 23 എണ്ണവും പൂർത്തിയായെന്നും അവസാന അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും വാർത്താകുറിപ്പിലൂടെ സെബി ഇന്നലെ വ്യക്തമാക്കി. വ്യക്തിപരമായ ആരോപണങ്ങൾക്ക് ചെയർപേഴ്സൺ മറുപടി പറഞ്ഞിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.