‘മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം: കേരളത്തിന് ഡാമിൽ അവകാശമുണ്ട്’: സുപ്രീംകോടതിയിൽ ഹർജി
മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് ഹർജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ കൂടുതൽ മഴ ലഭിച്ച സാഹചര്യത്തിൽ തമിഴ്‌നാടിന്റെ ചീഫ് എൻജീനിയറിന്റെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാർ സന്ദർശിച്ചിരുന്നു. അത് കൂടെ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. വസ്തുതപരമായ കാര്യങ്ങൾ പരിശോധിക്കാതെയാണ് ഉത്തരവുകൾ ഉണ്ടായിരിക്കുന്നതെന്ന് ഹർജിക്കാരൻ പറയുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്ന വിഷയം സ്ഥിരീകരിക്കാൻ കേരളത്തിന്റെ അവകാശം അംഗീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
മധുര റീജിയണൽ ചീഫ് എൻജിനീയർ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു മുല്ലപ്പെരിയാറിൽ സന്ദർശനം നടത്തിയിരുന്നത്. കേരളത്തിൽ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തമിഴ്നാടിന്റെ നടപടി. അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുന്നതിനുമായിരുന്നു സന്ദർശനം.