സായുധ സേനകളിലെ ഒഴിവുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നത്, വെളിപ്പെടുത്താനാകില്ല: കേന്ദ്ര പ്രതിരോധ മന്ത്രാലയം


രാജ്യസുരക്ഷയെ ബാധിക്കുമെന്ന കാരണത്താൽ സായുധ സേനകളിലെ ഒഴിവുകൾ വെളിപ്പെടുത്താനാവില്ലെന്ന് പ്രതിരോധ മന്ത്രാലയം. രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യപ്പെട്ട വിവരം രഹസ്യമാക്കി വെക്കേണ്ടതാണെന്നും പൊതുമധ്യത്തിൽ വെളിപ്പെടുത്താൻ കവിയില്ലെന്നും പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത് മറുപടി നൽകി. തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാംഹം അനിൽ കുമാർ യാദവ് മന്ദഡിയാണ് ചോദ്യം ഉന്നയിച്ചത്. നിലവിൽ സായുധ സേനകളിൽ ഓഫീസർമാരടക്കമുള്ള ഒഴിവുകളെത്ര എന്ന ചോദ്യത്തിൽ മെഡിക്കൽ ഓഫീസർമാരുടെ കുറവുകൾ എത്രയുണ്ടെന്നും കോൺഗ്രസ് അംഗം ചോദിച്ചിരുന്നു.
മുൻപ് പലപ്പോഴായി പ്രതിരോധ മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. 2023 മാർച്ച് മാസത്തിൽ അന്നത്തെ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് 8070 ഓഫീസർ ഒഴിവുകളും 127673 ജൂനിയർ കമ്മീഷൻ്റ് ഓഫീസർ ഒഴിവുകളും പല റാങ്കുകളിലായി ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അന്ന് സമാജ്‌വാദി പാർട്ടി അംഗം ജാവേദ് അലി ഖാനായിരുന്നു ചോദ്യം ചോദിച്ചത്.ഇത്തവണ മറുപടി രഹസ്യമാണെന്ന പ്രതിരോധ സഹമന്ത്രിയുടെ നിലപാടിനെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ വിമർശിച്ചു. രാജ്യസുരക്ഷ കോൺഗ്രസിന് ഏറെ പ്രധാനപ്പെട്ടതാണെന്നും അതിനോട് പൂർണ ആത്മാർത്ഥ കാട്ടാൻ ഒഴിവുകൾ വെളിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ ഒഴിവുകൾ നികത്തുന്നതാണ് രാജ്യത്തിൻ്റെ സുരക്ഷ മുൻനിർത്തുന്നതിൽ പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് കാലത്ത് റിക്രൂട്ട്മെൻ്റ് നിർത്തിവെച്ചതാണ് ഇപ്പോൾ ഇത്രയേറെ ഒഴിവുകൾ ഉണ്ടാകാനുള്ള പ്രധാന കാരണം. വിരമിക്കുന്നവരുടെ എണ്ണം ഉയർന്നുകൊണ്ടിരുന്നപ്പോഴും പുതിയ അംഗങ്ങളെ സേനയിൽ ഉൾപ്പെടുന്നതിൽ കുറവുണ്ടായി. 2023 ൽ കൊവിഡ് കാലത്തെ നിയന്ത്രണങ്ങളാണ് റിക്രൂട്മെൻ്റ് തടസപ്പെട്ടതിന് കാരണമായി അജയ് ഭട്ട് ചൂണ്ടിക്കാട്ടിയത്. 2022 ഓഗസ്റ്റിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം പാർലമെൻ്റിൽ അറിയിച്ചത് പ്രകാരം പ്രതിവർഷം 60000 ഒഴിവുകൾ സേനകളിൽ ഉണ്ടാകുന്നുണ്ട്. അതിൽ കാലാവധി പൂർത്തിയാകും മുൻപുള്ള വിരമിക്കൽ കൂടി ഉൾപ്പെട്ടിട്ടുണ്ട്.
2022-2026 കാലത്ത് 1.76 ലക്ഷം പേരെ അഗ്നിപഥ് സ്കീം പ്രകാരം സേനകളിൽ നിയോഗിക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമം. എല്ലാ വർഷവും ഈ നിയമനങ്ങൾ ക്രമമായി ഉയരുമെന്നാണ് മുൻപ് കേന്ദ്രം വ്യക്തമാക്കിയത്. വർഷം ഒരു ലക്ഷം പേരെ വരെ സേനകളിൽ നിയമിക്കുമെന്നായിരുന്നു അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് ലെഫ്റ്റനൻ്റ് ജനറൽ അനിൽ പുരി 2022 ജൂണിൽ പ്രതികരിച്ചത്.