‘ലോകത്തിലെ നമ്പർ വൺ ഷൂ ബ്രാൻഡിന്റെ സ്ഥാപക ദിനം മുതൽ ലുലുമാൾ സ്ഥാപകദിനം വരെ’ വ്യാജം; വിവരങ്ങള്‍ കൊടുക്കരുത്: വന്‍ ഡേറ്റ തട്ടിപ്പ്
ലോകത്തിലെ നമ്പർ വൺ ഷൂ ബ്രാൻഡിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ചു തിരഞ്ഞെടുക്കപ്പെടുന്ന ഉപയോക്താക്കൾക്കു സമ്മാനം. എസ്എംഎസ് ആയി മൊബൈലിൽ വരുന്ന സന്ദേശത്തിനൊപ്പം ലിങ്കുമുണ്ട്. തുറന്നപ്പോൾ മെസേജ് ഒട്ടേറെപ്പേർക്ക് ഫോർവേഡ് ചെയ്യണം. എങ്കിലേ ബ്രാൻഡഡ് ഷൂസ് സമ്മാനമായി ലഭിക്കൂ. ഇ–മെയിൽ, എസ്എംഎസ്, വാട്സാപ് എന്നിവ വഴി വരുന്ന ഇത്തരം സന്ദേശങ്ങൾ അനുദിനം വർധിക്കുകയാണ്. ആമസോൺ, ഫ്ലിപ്കാർട് പോലുള്ള പ്രമുഖ ഇ–കൊമേഴ്സ് സ്ഥാപനങ്ങൾ, ബാങ്കുകൾ, മൊബൈൽ കമ്പനികൾ എന്നിവയുടെ പേരിലൊക്കെ വരുന്ന സന്ദേശങ്ങൾക്കൊപ്പം ഇപ്പോൾ തരംഗമാകുന്നത് സർക്കാർ പദ്ധതികളുടെ പേരിലുള്ള തട്ടിപ്പാണ്.
താങ്കളെ ഞങ്ങളുടെ ഏറ്റവും വിലപ്പെട്ട കസ്റ്റമറായി തിരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പ്രത്യേക സമ്മാനത്തിന് നിങ്ങൾക്ക് അർഹതയുണ്ട്. എസ്എംഎസായും ഇ–മെയിലായും വരുന്ന ഇത്തരം സന്ദേശങ്ങൾ തുറന്നു നോക്കാത്തവർ കുറവാണ്. നമ്മുടെ പർച്ചേസ് ഹിസ്റ്ററി കൂടി പറഞ്ഞാവും പലപ്പോഴും ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത്. ശരിയാണല്ലോ, ഇത്രയും സാധനങ്ങളൊക്കെ വാങ്ങിയതല്ലേ, ഇനി കമ്പനി ശരിക്കും നമുക്ക് സമ്മാനം തരുന്നതാവും എന്ന ചിന്തയും സാധാരണയായി ഉണ്ടാവും.
സന്ദേശത്തിനൊപ്പം സമ്മാനം ലഭിക്കാനായി വിവരങ്ങൾ നൽകേണ്ട ലിങ്കും നൽകിയിട്ടുണ്ടാകും. മൊബൈൽ ഫോൺ, ടിവി, കാർ, സ്കൂട്ടർ എന്നിവയ്ക്കൊപ്പം കാഷ് ബാക്ക് ഓഫറുകളും സമ്മാനങ്ങളുടെ പട്ടികയിലുണ്ടാകും. തുച്ഛമായ വിലയ്ക്ക് സാധനങ്ങൾ വിറ്റഴിക്കുന്നു എന്ന രീതിയിലുള്ള സന്ദേശങ്ങളാണ് ചിലപ്പോൾ വരുന്നത്. വെറുതേ കിട്ടുന്ന സമ്മാനമല്ലേ, കുടുംബക്കാർക്കും കൂട്ടുകാർക്കും കൂടി ലിങ്ക് അയച്ചേക്കാം എന്നു ചിന്തിക്കുന്നവരാണു ഭൂരിഭാഗവും. ചില സന്ദേശങ്ങളിൽ 20 വാട്സാപ്് ഗ്രൂപ്പുകളിലേക്ക് ലിങ്ക് ഷെയർ ചെയ്താൽ മാത്രമേ സമ്മാനം ലഭിക്കൂ തുടങ്ങിയ വ്യവസ്ഥകളും കാണാം.
ആർക്കെങ്കിലും സമ്മാനം കിട്ടിയിട്ടുണ്ടോ?
ലിങ്ക് ലഭിക്കുന്നവർക്കും അത് ഫോർവേഡ് ചെയ്യുന്ന നൂറു കണക്കിന് ആളുകൾക്കും സമ്മാനങ്ങളും കാഷ് ബാക്കുകളും നൽകാൻ ഏതെങ്കിലും കോർപറേറ്റ് കമ്പനി തയാറാകുമോ? ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിനു മുൻപ് ഈ സിംപിൾ ലോജിക് ചിന്തിച്ചാൽ മതി. ഇത്തരത്തിൽ ലിങ്കുകൾ വഴി സമ്മാനം ലഭിച്ചതായി പരിചയമുള്ള ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും ചിന്തിക്കണം.
കമ്പനികളുടെ ബ്രാൻഡ് പ്രമോഷന്റെയോ ലോഞ്ചിങ്ങിന്റെയോ അനിവേഴ്സറി ആഘോഷങ്ങളുടെയോ ഭാഗമായി ഇത്തരം സമ്മാനവിതരണം നടക്കുന്നുണ്ടെന്ന സന്ദേശം ലഭിച്ചാൽ ആദ്യം നോക്കേണ്ടത് സന്ദേശമായി വരുന്ന ലിങ്കിലല്ല, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ്. സംഭവം സത്യമാണെങ്കിൽ കമ്പനി വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കും.
ഭൂരിഭാഗം തട്ടിപ്പ് സന്ദേശങ്ങളിലും ഔദ്യോഗിക വെബ്സൈറ്റിനു പകരം zzwds, izkks, kkzi, akbc തുടങ്ങിയ ചില ഇംഗ്ലിഷ് അക്ഷരങ്ങൾ അടങ്ങിയ വിചിത്രമായ സൈറ്റ് അഡ്രസ്സാണ് ഉണ്ടാവുക. ചിലപ്പോൾ തുടക്കത്തിലോ ഒടുക്കത്തിലോ കമ്പനിയുടെ പേരും വിശ്വാസ്യത കൂട്ടാനായി ഉണ്ടാകും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ അതേ രൂപത്തിലായിരിക്കും ഇവ കാണുന്നത്. കോർപറേറ്റ് കളർ വരെ അതേപോലെയാകും. പക്ഷേ, കൃത്യമായി നിരീക്ഷിച്ചാൽ ഇതു തട്ടിപ്പ് വെബ്സൈറ്റാണെന്നു മനസ്സിലാക്കാവുന്നതേയുള്ളു. അപകടകരമായ ലിങ്ക് തുറക്കുന്നതിനു മുൻപ് കമ്പനിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൂടി പരിശോധിക്കുന്നതു നല്ലതാണ്. സമ്മാനപദ്ധതികളുണ്ടെങ്കിൽ അവർ കൃത്യമായി പോസ്റ്റ് ചെയ്തിട്ടുണ്ടാകും. ബാങ്കുകളുടെ പേരിലാണ് തട്ടിപ്പെങ്കിൽ അക്കൗണ്ട് ഉള്ള ശാഖയിൽ ബന്ധപ്പെടണം.