മഴ കനക്കുന്നു; ജില്ലയില്‍ കര്‍ശന ജാഗ്രതയ്ക്ക് നടപടികള്‍
ദിവസങ്ങളായി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന ജാഗ്രത പാലിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് വിവിധ വകുപ്പുകള്‍ക്കു നിര്‍ദ്ദേശം നല്‍കി.
അതോറിറ്റിയുടെ യോഗം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന് വിവിധ വകുപ്പുകള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തി.
കനത്ത കാറ്റില്‍ തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം മേഖലയിലുണ്ടായ നാശ നഷ്ടങ്ങളുടെ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ തൊടുപുഴ തഹസില്‍ദാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
റോഡരികില്‍ അപകടകരങ്ങളായ മരങ്ങളും ചില്ലകളും നീക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും ഉറപ്പു വരുത്തിയിരിക്കണം.കൂടാതെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങളുടെ നില പരിശോധിക്കണം.
ദേവികുളം മേഖലയിലെ സ്ഥിതിഗതികളും മുന്‍ കരുതല്‍ നടപടികളും സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ വിശദീകരിച്ചു. ഹാം റേഡിയോ, സാറ്റലൈറ്റ് ഫോണ്‍, വയര്‍ലെസ് ഉള്‍പ്പെടെ ആശയ വിനിമയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.പൊതു ജനങ്ങള്‍ക്കു കടുത്ത ഭീഷണി ഉയര്‍ത്തുന്ന പഴയ കെട്ടിടങ്ങളുണ്ടെങ്കില്‍ അവ പൊളിച്ചുമാറ്റണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
സിക ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ മുന്നില്‍ കണ്ട് ജില്ലയില്‍ കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
എല്ലാ പഞ്ചായത്തുകളിലും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ അപകട മരങ്ങള്‍ സംബന്ധിച്ച് 487 പരാതികള്‍ ലഭിച്ചിട്ടുണ്ട്. കടവുകള്‍, വെള്ളച്ചാലുകള്‍ ഉള്‍പ്പെടെ ഇടങ്ങളില്‍ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ ലിസ്റ്റ് പഞ്ചായത്തുകള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
ദുരിതാശ്വാസ ക്യാമ്പുകളാക്കേണ്ട സ്‌കൂളുകള്‍ തിരിച്ചറിഞ്ഞ് പട്ടിക തയാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനു നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ പരിശോധിച്ച് പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ചെറുതോണി ഡാമിലേക്ക് എളുപ്പത്തില്‍ എത്തുന്നതിനുള്ള മെഡിക്കല്‍ കോളേജ് റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കാറ്റും കനത്ത മഴയും ഉള്ള സാഹചര്യത്തില്‍ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നതിനായുള്ള പ്രചാരണം കൃഷി വകുപ്പ് നടത്തിവരുകയാണ്.
ടൂറിസം കേന്ദ്രങ്ങളിലും ബോട്ടിംഗ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
അംഗന്‍വാടികള്‍ക്കു സമീപമുള്ള അപകടകരമായ മരങ്ങള്‍ പഞ്ചായത്തുകളുമായി ചേര്‍ന്ന് മുറിച്ചു മാറ്റുന്നതിന് സി ഡി പി ഒ മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ 2700 കിലോമീറ്റര്‍ റോഡ് ആണുള്ളത്. ഈ റോഡുകളുടെ വശങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന 90 ശതമാനം മരങ്ങളും ചില്ലകളും മുറിച്ചുമാറ്റിയതായി പിഡബ്‌ള്യൂ ഡി നിരത്തു വിഭാഗം എക്‌സി’ എന്‍ജിനീയര്‍ അറിയിച്ചു.
ഡാം തുറന്നാല്‍ പീരുമേട് താലൂക്കിലെ നാല് വില്ലേജുകളിലായി 430 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടി വരും.കൂടാതെ ജീര്‍ണാവസ്ഥയിലായ എസ്റ്റേറ്റ് ലയങ്ങളിലുള്ളവരെ മഴ ഇനിയും ശക്തമായാല്‍ മാറ്റി പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു.