അന്ന് 14 പേർ, ഇന്ന് 159; ജീവനെടുക്കാനായി മുണ്ടക്കൈയിൽ ഉരുൾ ദുരന്തമായെത്തുന്നത് ഇതാദ്യമായല്ല
ഉരുൾ പൊട്ടിയെത്തിയ പാറക്കൂട്ടവും ചെളിമണ്ണും ഒരു ഗ്രാമത്തെയൊന്നാകെ ഇല്ലാതാക്കിയിരിക്കുന്നു. എത്രയോ ജീവനുകളെ കവർന്നെടുത്തിരിക്കുന്നു, എത്രയോ ജീവിതങ്ങളെ കടപുഴക്കിയിരിക്കുന്നു. മുണ്ടക്കൈയിൽ ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 159 പേർ മരിച്ചെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം. ഇനിയുമൊരുപാട് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. അവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതാദ്യമായല്ല മുണ്ടക്കൈയിൽ ഉരുൾ ദുരന്തമായെത്തുന്നത്. 40 വർഷം മുമ്പും ഇതുപോലൊരു ദുരന്തം ആ മണ്ണിലേക്കെത്തിയിരുന്നു.
അതും ഒരു ജൂലൈ മാസമായിരുന്നു. 1984 ജൂലായ് രണ്ട്. ആർത്തിരമ്പിയെത്തിയ മലവെള്ളപ്പാച്ചിൽ അന്ന് തട്ടിയെടുത്തത് 14 ജീവനുകളെയാണ്. 80 വീടുകൾ അന്ന് പൂർണമായും തകര്‍ന്നു. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ഉരുൾ പാഞ്ഞെത്തിയത്. കരിമറ്റം എസ്റ്റേറ്റിലെ തൊഴിലാളികളും പ്രദേശവാസികളുമാണ് അന്ന് ദുരന്തത്തിൽ പെട്ടത്. നാടിനെ നടുക്കിയ ദുരന്തം പുറംലോകമറിഞ്ഞത് അടുത്ത ദിവസം മാത്രമാണ്. വളരെക്കുറച്ചുസമയത്ത് പെയ്ത കൂടിയ അളവിലുള്ള മഴയാണ് അന്നും ഉരുളിന് മുന്നേ മുണ്ടക്കൈയെ പൊതിഞ്ഞത്.
ഇക്കുറി ദുരന്തത്തിന്റെ ആഘാതം ഏറെ വലുതായി.ഇരുനൂറോളം വീടുകൾ നാമാവശേഷമായി. മുണ്ടക്കൈയില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായി കല്ലും മണ്ണും ചെളിയും മലവെള്ളത്തിനൊപ്പം പാഞ്ഞ് മൂന്നുകിലോമീറ്റർ ഇപ്പുറമുള്ള ചൂരൽമല സ്കൂൾറോഡിലും ജി.വി.എച്ച്.എസ്. സ്കൂളിലും പാലത്തിലും അമ്പലത്തിലും വരെയെത്തി. ചൂരൽമല സ്കൂൾറോഡിന്റെ ഇരുവശത്തുമുള്ള വീടുകളും കെട്ടിടങ്ങളുമാണ് പൂർണമായും ഇല്ലാതായത്.