കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ്; 15 സെനറ്റംഗങ്ങളുടെ വോട്ടെണ്ണുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി: കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ 15 സെനറ്റംഗങ്ങളുടെ വോട്ടെണ്ണുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്ത അഞ്ച് സെനറ്റ് അംഗങ്ങളുടേത് ഉള്‍പ്പടെയുള്ള വോട്ട് എണ്ണുന്നതിനാണ് സിംഗിള്‍ ബെഞ്ചിന്റെ വിലക്ക്. ഇതില്‍ 14 പേര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും ഒരാള്‍ ഹെഡ്മാസ്റ്റര്‍മാരുടെ പ്രതിനിധിയുമാണ്. സര്‍വകലാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി.
വോട്ട് എണ്ണുന്നത് വിലക്കിയ നടപടി ഇടതുപക്ഷത്തിനും ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണ്ണായകമാകും. വോട്ടെണ്ണുന്നത് വിലക്കിയതില്‍ ഇടതുപക്ഷത്തിന് ലഭിക്കേണ്ട 9 വോട്ടുകളും ബിജെപിക്ക് ലഭിക്കേണ്ട 5 വോട്ടുകളും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസിന് ലഭിക്കേണ്ട ഒരു വിദ്യാര്‍ത്ഥി പ്രതിനിധിയുടെ വോട്ട് എണ്ണുന്നതിനും വിലക്കുണ്ട്. 10 സെനറ്റ് അംഗങ്ങളുടെ കാലാവധി ജൂലൈ 20ന് പൂര്‍ത്തിയായെന്ന വാദം പരിഗണിച്ച് ബിജെപി അനുകൂല സെറ്റംഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനത്തിന് 60 ദിവസം മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നതാണ് ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്ത 5 സെനറ്റംഗങ്ങളുടെ വിലക്കിന് കാരണം. സിന്‍ഡിക്കറ്റിലേക്ക് ഇടതുപക്ഷത്തിന്റെ മൂന്ന് അധ്യാപക പ്രതിനിധികള്‍ കഴിഞ്ഞദിവസം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡോ. എസ് നസീബ്, പ്രൊഫ. വി മനോജ്, ഡോ. എം ലെനിൻ ലാൽ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.