‘പാരിസിൽ പി ആർ ശ്രീജേഷിന് വേണ്ടി സ്വർണം നേടണം’; ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിംഗ്
ഡൽഹി: ഇന്ത്യൻ ഹോക്കി ടീമിൽ നിന്ന് വിരമിക്കുന്ന മലയാളി താരവും ഗോൾ കീപ്പറുമായ പി ആർ ശ്രീജേഷിന് വേണ്ടി പാരിസ് ഒളിംപിക്സിൽ സ്വർണമെഡൽ നേട്ടം സ്വന്തമാക്കണമെന്ന് ടീം നായകൻ ഹർമ്മൻപ്രീത് സിംഗ്. പാരിസ് ഒളിംപിക്സ് ഏറെ പ്രധാനപ്പെട്ട ഒരു ടൂർണമെന്റാണെന്ന് ഇന്ത്യൻ നായകൻ പറഞ്ഞു. ഈ ടൂർണമെന്റ് ഇതിഹാസ ഗോൾ കീപ്പർ പി ആർ ശ്രീജേഷിന് വേണ്ടി സമർപ്പിക്കാൻ ഇന്ത്യൻ ഹോക്കി ടീം തീരുമാനിച്ചിരിക്കുകയാണ്. ശ്രീജേഷ് ഇന്ത്യൻ ടീമിന് എക്കാലവും പ്രോത്സാഹനമായ താരമാണെന്ന് ഹർമ്മൻപ്രീത് പ്രതികരിച്ചു.
താൻ ഇപ്പോഴും ഓർക്കുന്നു, 2016ൽ ജൂനിയർ ഹോക്കി ലോകകപ്പ് നേടുമ്പോൾ ശ്രീജേഷ് ഇന്ത്യൻ ടീമിന്റെ ഉപദേശകനായിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഭാഗമായിരിക്കുന്ന പലതാരങ്ങളുടെയും കരിയർ തുടങ്ങിയത് അവിടെനിന്നുമാണ്. ഒളിംപിക്സ് പോഡിയത്തിൽ ഇന്ത്യൻ ടീം വീണ്ടും ഒരിക്കൽ കൂടെ ഒരുമിച്ച് വരുന്നതിനായി ആഗ്രഹിക്കുന്നതായും ഇന്ത്യൻ നായകൻ പറഞ്ഞു. റെസ്പെക്ട് മച്ചാ… എന്നെഴുതിയാണ് ഹർമ്മൻപ്രീതിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ആദ്യ മത്സരം ജൂലൈ 27നാണ്. ന്യുസിലാൻഡ് ആണ് എതിരാളികൾ. ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ ടീം വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു. 41 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്ന് മൻപ്രീത് സിംഗ് നായകനായ ടീം ഒളിംപിക്സിൽ മെഡൽ നേട്ടം സ്വന്തമാക്കിയത്. ഇത്തവണ സുവർണനേട്ടം സ്വന്തമാക്കാമെന്നുള്ള പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം.