കേന്ദ്ര ബജറ്റിൽ വിവേചനം; നീതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ പ്രതിപക്ഷ മുഖ്യമന്ത്രിമാർ
ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ വിവേചനത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ സംസ്ഥാനങ്ങൾ. ജൂലൈ 27 ന് നടക്കുന്ന നീതി ആയോഗ് യോഗം പ്രതിപക്ഷ മുഖ്യമന്ത്രിമാർ ബഹിഷ്കരിക്കും. കേരളവും തമിഴ്നാട്, തെലങ്കാന, പശ്ചിമബംഗാൾ, ഹിമാചൽപ്രദേശ് മുഖ്യമന്ത്രിമാർ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബിഹാറിനും ആന്ധ്രാപ്രദേശിനും മാത്രം പ്രത്യേക സാമ്പത്തിക സഹായം നൽകിയ കേന്ദ്ര ബജറ്റിൽ പ്രതിഷേധം കടുക്കുകയാണ്. കേന്ദ്രത്തിന്റേത് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത ബജറ്റ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. 1.74ലക്ഷം കോടി രൂപ കേന്ദ്രം പശ്ചിമബംഗാളിന് നൽകാനുണ്ടെന്നും ആദ്യം കുടിശ്ശിക തീർക്കണമെന്നും മമത ബാനർജി പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്‌ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സുഖു, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവരും കടുത്ത നിലപാടെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബജറ്റിനെ ചൊല്ലിയുള്ള തർക്കം സംസ്ഥാനങ്ങൾക്കിടയിൽ ശത്രുതയ്ക്കും സംഘർഷത്തിനും കാരണമാകുമെന്നും ആക്ഷേപം ഉണ്ട്.